കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ അടി തെറ്റി വീണ മുന്നണിക്ക് പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ പുതുജീവന്‍ നല്‍കിയ മാണി സി കാപ്പനാണ് ഇപ്പോള്‍ ഇടതുമുന്നണിയുടെ ഹീറോ. പാലായെ കൈവെള്ളയിലെന്ന പോലെ അറിയുന്ന മാണി സി കാപ്പന്‍ യുഡിഎഫ് കോട്ട പിടിച്ചെടുക്കാന്‍ വേണ്ടി 15 വര്‍ഷമാണ് കാത്തിരുന്നത്. മൂന്ന് തവണ പാലായില്‍ കെഎം മാണിയോട് മത്സരിച്ച കാപ്പന്‍ നാലാം ഊഴത്തില്‍ മണ്ഡലം സ്വന്തമാക്കി. 

ഇന്ന് പുലര്‍ച്ചെ പള്ളിയിലെത്തി കുര്‍ബാന കൂടിയ ശേഷം മാധ്യമങ്ങളെ കണ്ട മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കൃത്യമായ അവബോധത്തോടെയാണ് സംസാരിച്ചത്. എവിടെയൊക്കെ ലീഡ് ചെയ്യുമെന്നും എവിടെയൊക്കെ പിന്നിലാവുമെന്നും മാണി സി കാപ്പന്‍ കൃത്യമായി പ്രവചിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയാല്‍ ആദ്യാവസാനം താന്‍ ലീഡ് ചെയ്യുമെന്ന കാപ്പന്‍റെ വാക്കുകളും സത്യമായി. 

വോട്ടെണ്ണലിന് മുന്‍പ് മാധ്യമങ്ങളെ കണ്ട കാപ്പന്‍ പറഞ്ഞത്...

വോട്ട് എണ്ണി തുടങ്ങി കഴിഞ്ഞാല്‍ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ക്കാവും ലീഡ്. മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ബാക്കി മുഴുവന്‍ പഞ്ചായത്തുകളിലും ഞാന്‍ ലീഡ് ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയില്‍ നന്നായി ലീഡ് ചെയ്യും. 

പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ‍് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്. 

വ്യക്തിബന്ധങ്ങള്‍, സ്നേഹബന്ധങ്ങള്‍, സുഹൃത്ത് ബന്ധങ്ങള്‍ ഇതെല്ലാം എനിക്ക് തുണായവും. 
ഇതോടൊപ്പം കഴിഞ്ഞ തവണ ബിജെപിക്ക് പോയ ബിഡിജെഎസ് വോട്ടുകള്‍ ഇക്കുറി ഞങ്ങള്‍ക്ക് കിട്ടും. ആറായിരം വോട്ടുണ്ടായിരുന്ന ബിജെപിക്ക് ബിഡിജെഎസ് പിന്തുണച്ചപ്പോള്‍ വോട്ടു വിഹിതം25,000 ആയി ഉയര്‍ന്നു. ബിജെപിക്ക് പോയ ബിഡിജെഎസ് വോട്ടുകളില്‍ പതിനായിരം വോട്ടുകള്‍ കിട്ടിയാല്‍ പോലും ഞങ്ങള്‍ അനായാസം ജയിക്കും. കഴിഞ്ഞ തവണ ഞങ്ങള്‍ തോല്‍ക്കാന്‍ കാരണം ബിഡിജെഎസ് വോട്ടുകള്‍ കൈവിട്ടു പോയതാണ്. 

അടിയൊഴുക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമായി സംഭവിച്ചു കഴിഞ്ഞു. 58,000 വോട്ടുകള്‍ കഴിഞ്ഞ തവണ എനിക്ക് കിട്ടിയതാണ് അതില്‍ മൂവായിരം വോട്ട് നഷ്ടപ്പെട്ടാലും 55,000 വോട്ടുണ്ടാവും. അതിലേക്ക് ബിഡിജെഎസ്, പിജെ ജോസഫ് വിഭാഗം,  കേരള കോണ്‍ഗ്രസ്, പുതുതായി വന്ന യുവാക്കളുടെ വോട്ടുകള്‍ ഇതെല്ലാം എനിക്ക് കിട്ടും. മുഴുവന്‍ വോട്ടും എനിക്ക് കിട്ടും എന്നെല്ല പറയുന്നത് ഭൂരിപക്ഷം വോട്ടും എനിക്ക് തന്നെ  കിട്ടും. 

വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബിഡിജെഎസ് വോട്ടും ഞങ്ങള്‍ക്ക് ലഭിക്കും. പിജെ ജോസഫ് വിഭാഗത്തിന്‍റെ വോട്ടും പ്രതീക്ഷിക്കുന്നു.  ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു. 

വോട്ടെണ്ണല്‍ കഴിഞ്ഞ് വിജയിച്ചിട്ടേ വിജയം ആഘോഷിക്കുന്നതിനെപറ്റി ആലോചിക്കേണ്ടതുള്ളൂ. വിജയാഘോഷത്തിനായി രണ്ട് ലോഡ് പൈനാപ്പിളും പടക്കവുമൊക്കെ യുഡിഎഫുക്കാര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നറിഞ്ഞു. ആ പടക്കം ഞങ്ങള്‍ പകുതി പൈസയ്ക്ക് വാങ്ങിക്കോള്ളാം....