തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റ യുഡിഎഫിന് ട്രോളി മന്ത്രി എം എം മണി. സിക്സര്‍ അടിക്കാന്‍ വന്നതാണെന്നും എന്നാല്‍ യുഡിഎഫിന്‍റെ 'മെക്ക'യില്‍ തന്നെ 'ഡക്ക്' ആയെന്നുമാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. എല്‍ഡിഎഫ് ആണ് ശരി.  ജനഹൃദയങ്ങളിൽ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോവുകയാണ്.

മാണി സി കാപ്പനെ വിജയിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും മണി പറഞ്ഞു. പാലായും പിന്നീട് പ്രഖ്യാപിക്കപ്പെട്ട അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ച് യുഡിഎഫ് സിക്സര്‍ അടിക്കുമെന്നുള്ള പ്രചാരണങ്ങള്‍ വന്നിരുന്നു. ഇതിനെയാണ് ഇപ്പോള്‍ മണി പരിഹസിച്ചിരിക്കുന്നത്.

2006-ല്‍ കെ എം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടത്തിന് വിജയത്തോടെ അവസാനമായിരിക്കുന്നത്. ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ തോല്‍പിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്.

യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറി. എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാലപരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതും കാപ്പന് തുണയായി. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ അടി പതറി നില്‍ക്കുന്ന എല്‍ഡിഎഫിന് തിരിച്ചു വരവിനുള്ള വഴി കൂടിയാണ് പാലാ ജയത്തിലൂടെ മാണി സി കാപ്പന്‍ തുറന്നിട്ടത്.