പാലാ: അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കെ എം മാണിയുടെ ഓര്‍മകളും ഭരണവിരുദ്ധ വികാരവും നിറഞ്ഞു നില്‍ക്കുന്ന പാലായില്‍ യുഡിഎഫ് മികച്ച വിജയം കൈവരിക്കും.

പാലായിലെ ഉജ്വല വിജയം  അഞ്ചു മണ്ഡലങ്ങളില്‍ യുഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലായിലെ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വെല്ലുവിളി യുഡിഎഫ് ഏറ്റെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ട ഭരണവിരുദ്ധ വികാരം അതിലും ശക്തമായാണ് പാലായില്‍ കണ്ടത്. സാധാരണക്കാരെയും കര്‍ഷകരെയും കടുത്ത ദുരിതത്തിലാക്കിയ പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും സമ്പൂര്‍ണ പരാജയമാണ്. ഇതിനെതിരെ അതിശക്തമായ വിധിയെഴുത്ത് പാലായില്‍ ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.