കോട്ടയം: പാലായിൽ എൻഡിഎ വലിയ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലായിൽ വിജയം ഇത്തവണയും യുഡിഎഫിനൊപ്പമാണെന്നാണ് എക്സിറ്റ് പോൾ സര്‍വ്വേഫലം വ്യക്തമാക്കുന്നത്. 

48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്‍ട്‍ണേഴ്‍സും ചേര്‍ന്ന് പാലായില്‍ നടത്തിയ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. 32 ശതമാനം വോട്ടുമായി എല്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ രണ്ടാം സ്ഥാനത്തെത്തും 19 ശതമാനം വോട്ട് നേടി ബിജെപി മൂന്നാം സ്ഥാനത്തും മറ്റുള്ളവര്‍ ഒരു ശതമാനവും വോട്ടുകള്‍ നേടുമെന്നുമാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. 2016ല്‍ എല്‍ഡിഎഫിന് 39 ശതമാനം വോട്ടാണ് കിട്ടിയിരുന്നത്.

വോട്ടുവിഹിതത്തിന്‍റെ കാര്യത്തില്‍ യുഡിഎഫ്  2016ലേതില്‍ നിന്ന് നില മെച്ചപ്പെടുത്തുമെന്നാണ് പ്രവചനം. അന്ന് 42 ശതമാനം മാത്രമായിരുന്നു യുഡിഎഫ് നേടിയത്. (58.884 വോട്ടുകള്‍).എല്‍ഡിഎഫിനാകട്ടെ വോട്ടുവിഹിതത്തില്‍ കുറവു വരും. 2016ല്‍ 39 ശതമാനമായിരുന്നത് (54,181 വോട്ടുകള്‍) ഇക്കുറി ഏഴു ശതമാനം കുറയും.

എന്നാൽ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ വോട്ടുവിഹിതത്തില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. 2016ല്‍ 18 ശതമാനമായിരുന്നു (24,821 വോട്ടുകള്‍) എന്‍ഡിഎയുടെ വോട്ടുവിഹിതം. 2011ലാകട്ടെ ഇത് വെറും അഞ്ച് ശതമാനം (6359 വോട്ടുകള്‍) മാത്രമായിരുന്നു.