അ​ഗർത്തല: ത്രിപുരയിൽ 25 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാൻ ചുക്കാൻ പിടിച്ച ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധറിനെ പാലായിൽ ഇറക്കി ബിജെപി. പ്രചാരണ തന്ത്രങ്ങൾ പ്രവർത്തകർക്ക് പറഞ്ഞുകൊടുക്കലാണ് ലക്ഷ്യം. പാലായിൽ ജയിച്ച് കേരളത്തിൽ ബിജെപി മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സുനിൽ ദിയോധർ പറഞ്ഞു. ബിജെപി കേരളം ഭരിക്കും. നമ്മൾ ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രം ഒരു ഭാഷ എന്ന അമിത് ഷായുടെ പ്രസ്ഥാവനയെക്കുറിച്ച് ചോദിച്ചപ്പോൾ ഹിന്ദി ആർക്കും അടിച്ചേൽപ്പിക്കാനാകില്ലെന്നായിരുന്നു സുനിലിന്റെ മറുപടി. ഹിന്ദി ദേശീയ ഭാഷയാക്കാൻ ബിജെപി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങളെകുറിച്ചുള്ള ചോദ്യത്തിന് കശ്മീർ ശാന്തമാണെന്ന് ഒറ്റവാക്കിൽ ഒതുക്കുകയും ചെയ്തു.രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കിയല്ല ത്രിപുരയിൽ ഭരണം പിടിച്ചത്. ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അമിത്ഷായുടെ തന്ത്രങ്ങളാണ് ഞങ്ങളെ ത്രിപുരയിൽ അധികാരത്തിച്ചതെന്നും സുനിൽ ദിയോധർ പറഞ്ഞു.

ത്രിപുരയിൽ ക്യാമ്പ് ചെയ്ത് ഇടത് കോട്ട തകർത്ത സുനിൽ ദിയോധറിനെ ബിജെപി പാലായിലേക്ക് കൊണ്ടുവന്നത് പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ്. കേഡർപാർട്ടിയായ സിപിഎമ്മിനെ കേരളത്തിൽ തറപറ്റിക്കുന്നത് എങ്ങനെയെന്ന് ത്രിപുര മോഡൽ വിവരിച്ച് സുനിൽ പ്രവർത്തകർക്ക് ക്ലാസ്സെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച് ഒന്നും പറയാതെ സിപിഎം ഭരണത്തെയും പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ചായിരുന്നു സുനിൽ ദിയോധറിന്റെ പ്രസംഗം.