കോട്ടയം: പാലായിൽ വോട്ട് പിടിക്കാൻ ഇടതുമുന്നണി, സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അതിന് നേതൃത്വം നൽകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതുകൊണ്ടൊന്നും പാലായിലെ ജനവിധി അട്ടിമറിക്കാനാകില്ല. പാലാ ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ജനം സർക്കാരിനെ വിലയിരുത്തിയതാണ്. തെരഞ്ഞെടുപ്പിന് ശേഷം സർക്കാരിന്റെ പ്രവർത്തനം കൂടുതൽ മോശമായിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം പാലായിൽ നേടാൻ യുഡിഎഫിന് ആകുമെന്നും ചെന്നിത്തല പറഞ്ഞു.

പാലായിൽ രാഷ്ട്രീയ പ്രചാരണത്തിന് സർക്കാരിന് താത്പര്യമില്ല. ജനാധിപത്യ വിശ്വാസികളെ കബളിപ്പിക്കാനുള രാഷ്ട്രീയ പ്രചാരണമാണ് പാലയിൽ എൽഡിഎഫ് നടത്തുന്നത്. സർക്കാരിന്റെ നേട്ടം പറഞ്ഞ് വോട്ട് പിടിക്കാതതെന്ത്? ശബരിമലയിൽ പഴയ സാഹചര്യം ആവർത്തിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇതുകൊണ്ടാണ് നിലപാടിൽ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്. ബിജെപിയും ശബരിമല വിശ്വാസികളെ കബളിപ്പിക്കുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സർക്കാർ മാധ്യമങ്ങളിൽ പരസ്യം നൽകിയത് ഭരണഘടന വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, തെരെ‍ഞ്ഞെടുപ്പിൽ ഭരണ സംവിധാനം ഉപയോഗിച്ചു അട്ടിമറി നടത്തുന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിനെതിരെ ഇടതുനേതാക്കൾ രം​ഗത്തെത്തി. പാലായിൽ യുഡിഎഫിനാണ് രാഷ്ട്രീയം ഇല്ലാത്തതെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. രാഷ്ട്രീയ പ്രചാരണം തന്നെയാണ് എൽഡിഎഫ് നടത്തുന്നത്. എൽഡിഎഫിന്റെ അജണ്ട രമേശ് ചെന്നിത്തല തീരുമാനിക്കേണ്ടെന്നും കോടിയേരി പറഞ്ഞു. 

സമകാലിക രാഷ്ട്രീയം പറഞ്ഞുതന്നെയാണ് പാലായിൽ എൽഡിഎഫ് വോട്ട് തേടുന്നതെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മറുപടി നൽകി. യുഡിഎഫ് മതവും ജാതിയുമാണ് എക്കാലവും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചെന്നിത്തലയുടെ ആരോപണം ആടിനെ പട്ടിയാക്കുന്ന പോലെയെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു. ചെന്നിത്തലയുടെ ആരോപണം ശുദ്ധ അസംബന്ധമാണ്. ആരോപണം വ്യക്തതയോടെ ഉന്നയിക്കാൻ ചെന്നിത്തല തയ്യാറാകണം. രാഷ്ട്രീയ നേതാക്കളായ മന്ത്രിമാർ പ്രചാരണം നടത്തുന്നത് നിയമാനുസൃതമായി തന്നെയാണെന്നും മന്ത്രി പറഞ്ഞു.