പാലാ: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർണം. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. ത്രികോണ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പാലാ കാർമൽ സ്കൂളിൽ നിന്ന് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

സുരക്ഷയ്ക്കായി 700 കേന്ദ്രസേനാംഗങ്ങളെ പാലായിൽ വിന്യസിച്ചു. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. മണ്ഡലത്തിൽ അഞ്ച് മാതൃകാ ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

'മാണിസാർ' മുതൽ പാലാരിവട്ടം വരെ ..

വാശിയേറിയ പരസ്യ പ്രചാരണത്തിന് ശേഷമാണ് പാലാ നാളെ പോളിംഗ് ബൂത്തിലേക്കെത്തുന്നത്. മാണി സ്മരണയിലും പാലാ വികസനത്തിലും തുടങ്ങി ശബരിമല വഴി അഴിമതി വരെ നീണ്ടതായിരുന്നു പാലായിലെ പരസ്യ പ്രചാരണം. 

പാലായില്‍ അവസാന ലാപ്പില്‍ ആളിക്കത്തിയത് അഴിമതി തന്നെയാണ്. ഇടത് മുന്നണി പാലാരിവട്ടം ആയുധമാക്കിയപ്പോള്‍, കിഫ്ബി കൊണ്ട് യുഡിഎഫ് തിരിച്ചടിച്ചു. അഴിമതി നടത്തുന്നവര്‍ സര്‍‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന പിണറായിയുടെ പ്രസ്താവനയെ, ലാവ്‍ലിൻ അടക്കം ഉയര്‍ത്തി യുഡിഎഫ് നേരിട്ടപ്പോള്‍, വിരട്ടാൻ നോക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തുടക്കം തന്നെ യുഡിഎഫിന് ആകെ അങ്കലാപ്പും ആശയക്കുഴപ്പവുമായിരുന്നു. രണ്ടിലച്ചിഹ്നത്തിൻമേലും സ്ഥാനാർത്ഥിയെച്ചൊല്ലിയും ജോസ് കെ മാണിയും ജോസഫും തമ്മിലടിച്ചു. നിഷ ജോസ് കെ മാണി മത്സരിക്കാനിറങ്ങുമെന്ന് ജോസ് പക്ഷം. സമ്മതിക്കില്ലെന്ന് ജോസഫ് പക്ഷം. വിട്ടുവീഴ്ചയില്ലാതെ കടുത്ത നിലപാടെടുത്തു. ഒടുവിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എന്തിന് കുഞ്ഞാലിക്കുട്ടിയും വരെ എത്തി സമവായനീക്കം നടത്തി. പക്ഷേ ചിഹ്നം വിട്ടുകൊടുത്തില്ല ജോസഫ്. ഒടുവിൽ കൈതച്ചക്ക ചിഹ്നത്തിൽ ജോസ് ടോം എന്ന സ്ഥാനാർത്ഥിയിറങ്ങി. 

പത്രികാസമർപ്പണത്തിന്‍റെ അവസാനദിവസം പോലും നാടകീയതയായിരുന്നു. ജോസഫിന് വേണ്ടി ജോസഫ് കണ്ടത്തിൽ എന്ന സ്ഥാനാർത്ഥി 'ഡമ്മി'യായി ഇറങ്ങി. ഡമ്മി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞെങ്കിലും അത് ജോസഫിന്‍റെ ഒരു 'ചെക്കാ'യിരുന്നു. ഇനി പത്രിക വിമതൻ പിൻവലിച്ചില്ലെങ്കിലോ? യുഡിഎഫ് ആകെ കുഴങ്ങി. 

ഇതിനിടെ വീണ്ടും സമവായവുമായി യുഡിഎഫ് എത്തി. വിമതൻ പിൻമാറി. എന്നിട്ടും തീർന്നില്ല തർക്കം. പ്രചാരണത്തിനിറങ്ങിയ ജോസഫിന് ഒരു സംഘം 'ഗോ ബാക്ക്' വിളിച്ചു. ആകെ പ്രശ്നമായി. തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ്. സമാന്തരപ്രചാരണം നടത്തിക്കോളാമെന്ന് സജി മഞ്ഞക്കടമ്പിൽ. പിന്നെയും ഇടപെട്ടു യുഡിഎഫ്. ആകെ മൊത്തം പ്രചാരണത്തിന് ശേഷവും, ജോസഫ് പിന്നെ എത്തിയത് ആകെ ഒരു പ്രചാരണയോഗത്തിന്. 

പാലാരിവട്ടം പാലം ചില്ലറ തലവേദനയല്ല യുഡിഎഫിനുണ്ടാക്കിയത്. മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ, പാലം പണിയെക്കുറിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് തുറന്നുപറഞ്ഞത് - എല്ലാം യുഡിഎഫിനെ പ്രതിരോധത്തിലാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയമായ മേൽക്കൈയും മാണിസ്മരണയും പതിവില്ലാത്ത വിധം തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് ഒറ്റക്കെട്ടായി കടിഞ്ഞാൺ ഏറ്റെടുത്ത് നടത്തിയ പ്രചാരണം എന്നിവയാണ് യുഡിഎഫിന് നേട്ടമാകാവുന്നത്.   

ശബരിമല വിഷയവും എൻഎസ്എസ്സും കത്തോലിക്കാസഭയും പിന്തുണയ്ക്കുമെന്ന വിശ്വാസവും യുഡിഎഫിനുണ്ട്. 

പോളിംഗ് ബൂത്തിൽ രണ്ട് എതിർഘടകങ്ങളുണ്ട് യുഡിഎഫിന്. കെ എം മാണിയുടെ രണ്ടിലച്ചിഹ്നമില്ല. 'മാണിസാർ തന്നെ ചിഹ്ന'മെന്ന ചെന്നിത്തലയുടെ വിശ്വാസം മാത്രമാണ് കൂട്ട്. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ സ്ഥാനവും പ്രശ്നമാണ്. 

കിഫ്ബിയിൽ തട്ടിത്തടഞ്ഞ് ഇടതുപക്ഷം

കിഫ്ബിയിൽ ഓഡിറ്റ് നിഷേധിച്ചെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പാലാ തെരഞ്ഞെടുപ്പ് കളത്തിലും ചില്ലറ കോളിളക്കങ്ങളല്ല ഉണ്ടാക്കിയത്. പ്രതിപക്ഷം കിഫ്ബി ഓഡിറ്റ് വലിയ ആയുധമാക്കി. കിഫ്ബിയ്ക്ക് പിന്നാലെ, കിയാലിലെ ഓഡിറ്റ് നിഷേധവും പവർഗ്രിഡ് അഴിമതിയുമെല്ലാം ഇടതുപക്ഷത്തിനെതിരെ യുഡിഎഫിന്‍റെ ആയുധങ്ങളായി. 

അഴിമതി നടത്തുന്നവർ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും പറഞ്ഞാണ് മുഖ്യമന്ത്രില ആരോപണങ്ങളെയെല്ലാം എതിരിട്ടത്. 

ഇടതുപക്ഷത്തിന് പക്ഷേ അനുകൂലഘടകങ്ങളുണ്ട്. മാണി സി കാപ്പനോടുള്ള സഹതാപമുണ്ട് പാലാക്കാർക്ക്. മറുവശത്ത് കേരളാ കോൺഗ്രസിൽ തമ്മിലടിയായ സാഹചര്യത്തിൽ പ്രത്യേകിച്ച്. ഇടത് മുന്നണി ചിട്ടയായാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതിലൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ന്യൂനപക്ഷവോട്ടുകളിൽ കടന്നുകയറാനാകുമെന്ന പ്രതീക്ഷയുമുണ്ട് ഇടതിന്. പ്രചാരണം വരുതിയിലാക്കാനായെന്ന ആത്മവിശ്വാസവും കൂട്ട്.

അതിനേക്കാൾ ആത്മവിശ്വാസം എസ്എൻഡിപിയിലാണ്. അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം സർക്കാർ നിന്നത് നിർണായക നീക്കമായി. പാലായിൽ മാണി സി കാപ്പനേ ജയിക്കൂ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി പിന്തുണ ഉറപ്പായി.  

ബിജെപിയും കിഫ്ബിയും കിയാലും പാലാരിവട്ടവും അടക്കം അഴിമതിയാരോപണങ്ങൾ ഇരുമുന്നണികൾക്കുമെതിരെ ആയുധമാക്കി.