തിരുവനന്തപുരം: മാണി സി. കാപ്പന്‍റെ വോട്ട് മറിക്കല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറുപടിയുമായി എന്‍ഡിഎ. നാണംകെട്ട ആരോപണമാണ് മാണി സി. കാപ്പൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.കോടിയേരിക്ക് ആത്മാഭിമാനമുണ്ടെകിൽ വോട്ട് കച്ചവടത്തെക്കുറിച്ചുള്ള പന്ന്യൻ രവീന്ദ്രന്‍റെ റിപ്പോർട്ട് എൽഡിഫ് പുറത്തുവിടണമെന്നും ശ്രീധരന്‍ പിള്ള വെല്ലുവിളിച്ചു.

തോൽവി ഉറപ്പായ മാണി സി.കാപ്പൻ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു. മാണി സി. കാപ്പന്റേത് മുൻകൂർ ജാമ്യമെന്നും എൻ.ഹരി ആരോപിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടെന്നായിരുന്നു ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ആരോപണം. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപി ധാരണ. ഒരോ ബൂത്തിൽ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ ആരോപിച്ചിരുന്നു. 

യുഡിഎഫിന് പരാജയ ഭീതിയാണ്. അതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. ഒരു മാസം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഒരു ദിവസം മുമ്പെ കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും വീടുകയറിയുള്ള സജീവ പ്രചാരണങ്ങളിലാണ് സ്ഥാനാര്‍ത്ഥികൾ.