Asianet News MalayalamAsianet News Malayalam

'കുടിലബുദ്ധിയും കുതന്ത്രവും': പോളിംഗ് ദിനവും കേരളാ കോൺഗ്രസിൽ തമ്മിലടി തീരുന്നില്ല

എല്ലാവരും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് പാലായിൽ പ്രവർത്തിച്ചിട്ടില്ല, അതിന്‍റെ സംഘർഷമുണ്ട്. കേരളാ കോൺഗ്രസിൽ കുടുംബവാഴ്ച വേണ്ടെന്ന് ജോസഫ് പക്ഷനേതാവ് ജോയ് അബ്രഹാം. 

split wide open in kerala congress on pala by election polling day
Author
Palai, First Published Sep 23, 2019, 11:05 AM IST

കോട്ടയം: പാലാ തെരഞ്ഞെടുപ്പ് ദിനവും കേരളാ കോൺഗ്രസിൽ തമ്മിലടി തീരുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്ന് പി ജെ ജോസഫ് പക്ഷത്തെ നേതാവ് ജോയ് അബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ജോയ് അബ്രഹാം. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു പ്രസ്താവന വന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജോസ് വിഭാഗം, യുഡിഎഫിന് പരാതി നൽകുമെന്ന് വ്യക്തമാക്കി. 

''മാണിസാർ കുശാഗ്രബുദ്ധിയായിരുന്നു, തന്ത്രശാലിയായിരുന്നു. എന്നാൽ മറ്റ് ചിലർ അങ്ങനല്ല, അവർക്ക് കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ'', എന്ന് ജോയ് അബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട്. 

പക്ഷേ, കെ എം മാണിയുടെ പിന്തുടർച്ചാവകാശം ഒരു കുടുംബത്തിനല്ല, കേരളാ കോൺഗ്രസ് പാർട്ടിക്കാണെന്നാണ് ജോയ് അബ്രഹാം പറയുന്നത്. ഇപ്പോഴത്തെ പ്രശ്നം മുഴുവൻ അതിന്‍റെ അടിസ്ഥാനത്തിലാണ്. പാലായിൽ ഒന്നിച്ചുള്ള പ്രവർത്തനം ഉണ്ടായോ എന്ന് പറയേണ്ടത് കോൺഗ്രസാണ്.

യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്നും ജോയ് അബ്രഹാം പറയുന്നു. യുഡിഎഫിലെ യഥാർത്ഥ ഘടകകക്ഷി പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസാണ്. അതിന് ജോസ് കെ മാണി വിഭാഗത്തിന്‍റെ അംഗീകാരമൊന്നും ജോസഫിന് വേണ്ട. പാർട്ടിയിലെ ബഹുഭൂരിപക്ഷവും പി ജെ ജോസഫിനൊപ്പമാണെന്നും ജോയ് അബ്രഹാം വ്യക്തമാക്കുന്നു. 

എന്നാൽ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ കേരളാ കോൺഗ്രസിലെ ഈ തമ്മിലടിയെക്കുറിച്ച് പറയുന്നതിങ്ങനെ: "ഇവർ തന്നെയാണ് കെ എം മാണി സാറിന്‍റെ ആത്മാവിന് പോലും ശാന്തി കൊടുക്കാതെ തമ്മിൽത്തല്ലുന്നത്. ചെയർമാൻ സ്ഥാനത്തിന് വേണ്ടി പി ജെ ജോസഫിനെപ്പോലുള്ള മുതിർന്ന നേതാക്കളെപ്പോലും അപമാനിച്ച് കൂക്കി വിളിച്ച് സ്വന്തം ചിഹ്നം പോലും നഷ്ടപ്പെടുത്തിയവരാണിവർ. ഇത് കെ എം മാണിയെ അപമാനിക്കലല്ലേ? പിന്നെങ്ങനെ മാണി സാറിന്‍റെ പേരിൽ തരംഗമുണ്ടാകും?'', മാണി സി കാപ്പൻ ചോദിക്കുന്നു. 

''കേരളാ കോൺഗ്രസിലെ വോട്ടുമറിക്കലെല്ലാം ഞങ്ങൾക്ക് അഡീഷണൽ ബോണസാണ്. യുഡിഎഫിന് അനുകൂലമായ ഒരു വിഭാഗം വോട്ട് എൽഡിഎഫിന് മറിയും'', മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും മാണി സി കാപ്പൻ അവകാശപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios