Asianet News MalayalamAsianet News Malayalam

ബിവറേജിന് മുന്നിൽ നിർത്തിയിട്ട ഓട്ടോ കാണാനില്ല, കിട്ടിയത് ആക്രിക്കടയിൽ; പ്രതികളെ പൊക്കിയ പൊലീസിന് ലോട്ടറി!

ഓട്ടോ മോഷണക്കേസിലെ രണ്ടാം പ്രതിയായ അൻസാർ വീട് കവർച്ച, മൊബൈൽ മോഷണം ഉൾപ്പെടെ തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21ഓളം കേസുകളിൽ പ്രതിയാണ്. 

ponnani auto rickshaw robbery case accused arrested in malappuram
Author
First Published Aug 19, 2024, 5:58 PM IST | Last Updated Aug 19, 2024, 5:58 PM IST

മലപ്പുറം: ഓട്ടോ മോഷണത്തെത്തുടർന്നുള്ള അന്വേഷണത്തിൽ പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികൾ. മൂന്ന് പേരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം കോലളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന പ്രശാന്ത് (36), പൊന്നാനി സ്വദേശി അൻസാർ എന്ന ചട്ടി അൻസാർ (32), ചങ്ങരംകുളം മാട്ടം സ്വദേശി നൗഷാദ് അലി (40) എന്നിവരാണ് അറസ്റ്റിലായത്. കണ്ടനകം ബീവറേജിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന തവനൂർ സ്വദേശി ഗോപിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയും മൊബൈൽ ഫോൺ മോഷണം, ബൈക്ക് മോഷണം, വധശ്രമം ഉൾപ്പെ ടെ നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയമായിരുന്നു പ്രശാന്ത്. പത്തനംതിട്ടയിലെ ആറന്മുളയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഓട്ടോ മോഷണക്കേസിലെ രണ്ടാം പ്രതിയായ അൻസാർ വീട് കവർച്ച, മൊബൈൽ മോഷണം ഉൾപ്പെടെ തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21ഓളം കേസുകളിൽ പ്രതിയാണ്. ചങ്ങരംകുളം കാഞ്ഞിയൂരിലെ വാടക വീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ആലങ്കോട്ടെ ആക്രിക്കടയിൽ വിൽപന നടത്താൻ സഹായിച്ച മൂന്നാം പ്രതി നൗഷാദ് അലിയെ (40) ചങ്ങരംകുളത്ത് വെച്ചാണ് പൊന്നാനി പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രശാന്തും അൻസാറും ആലുവയിലും പാലക്കാടും ചെങ്ങന്നൂരും മറ്റുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. 

തിരൂർ ഡി.വൈ എസ്.പി. കെ.എം. ബിജുവിന്റെ നിർദേശത്തെ തുടർന്നു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ.യു. അരുൺ, കെ. പ്രവീൺ കുമാർ, എ.എസ്.ഐ മധുസൂദനൻ, പൊലീസുകാരായ എം.കെ. നാസർ, എസ്. പ്രശാന്ത് കുമാർ, എം. സജീവ്, ഡ്രൈവർ പി. മനോജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : കനത്ത മഴ വരുന്നു, മുന്നറിയിപ്പിൽ മാറ്റം; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണം ശക്തമാകാനും സാധ്യത

Latest Videos
Follow Us:
Download App:
  • android
  • ios