ധ്രുവ മേഖലയില്‍ ഇന്ത്യയുടെ താല്‍പ്പര്യം അധിനിവേശമല്ല, മറിച്ച് ശാസ്ത്രീയമായ പര്യവേഷണമാണെന്ന് പ്രശസ്ത ധ്രുവ ഗവേഷണ ശാസ്ത്രജ്ഞന്‍ ഡോ. തമ്പാന്‍ മേലോത്ത്.

ആഗോളതലത്തില്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് കേരളത്തിലെ തീരപ്രദേശങ്ങളെയും കാലവര്‍ഷത്തെയും നേരിട്ട് ബാധിക്കുന്നുണ്ടെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പരീക്ഷണശാലയായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രശസ്ത ധ്രുവ ഗവേഷണ ശാസ്ത്രജ്ഞന്‍ ഡോ. തമ്പാന്‍ മേലോത്ത്. ജെയിന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍, 'ഫ്രോസണ്‍ ഫ്രോണ്ടിയേഴ്‌സ്: ഹൗ ഇന്ത്യ ഈസ് ഷേപ്പിംഗ് പോളാര്‍ സയന്‍സ് ആന്‍ഡ് സ്ട്രാറ്റജി' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധ്രുവ മേഖലയില്‍ ഇന്ത്യയുടെ താല്‍പ്പര്യം അധിനിവേശമല്ല, മറിച്ച് ശാസ്ത്രീയമായ പര്യവേഷണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമുദ്ര-ധ്രുവ ഗവേഷണ രംഗത്ത് 'ഗ്ലോബല്‍ സൗത്ത്' രാജ്യങ്ങളുടെ നേതൃനിരയിലേക്ക് വരാന്‍ ഇന്ത്യയ്ക്ക് സാധിക്കും. 'സമുദ്രയാന്‍' പോലുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത ഒരു ദശകം പര്യവേഷകര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നുനല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിന്റെ (NCPOR) തലവനായ അദ്ദേഹം കാസര്‍കോട്ടെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ധ്രുവ ശാസ്ത്രജ്ഞനിലേക്കുള്ള തന്റെ യാത്രയും ചര്‍ച്ചയില്‍ പങ്കുവെച്ചു. 'ശാസ്ത്രം എന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്നില്ല, എന്നാല്‍ കടല്‍ എപ്പോഴും എന്നെ വിസ്മയിപ്പിച്ചിരുന്നു. കുസാറ്റിലെ പഠനമാണ് സമുദ്രശാസ്ത്രത്തോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചത്,' അദ്ദേഹം ഓര്‍മ്മിച്ചു.

ധ്രുവ പര്യവേഷണം എന്നത് കേവലം ശാസ്ത്രജ്ഞരുടെ മാത്രം ജോലിയല്ലെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. എന്‍ജിനീയര്‍മാര്‍, ലോജിസ്റ്റിക് വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ കൂട്ടായ പരിശ്രമമാണ് ഓരോ ദൗത്യത്തിന്റെയും വിജയം. ഒറ്റയ്ക്കുള്ള നേട്ടങ്ങളേക്കാള്‍ സഹകരണത്തിനാണ് ഈ മേഖലയില്‍ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. നാളെയുടെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ ധ്രുവ ഗവേഷണങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന നിരീക്ഷണത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.