താനൂർ ഗവണ്മെന്റ് കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ഹരിത ക്യാമ്പസ് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.

സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നാളെയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കൽ അസ്റ്റർ മിംസ്, അസ്റ്റർ വോളന്റിയേഴ്‌സ്, അസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സംയുക്താഭിമുഖ്യത്തിൽ താനൂർ ഗവണ്മെന്റ് കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ഹരിത ക്യാമ്പസ് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. കോളേജിലെ 460 അധികം വിദ്യാർത്ഥിനികൾക്കാണ് ചടങ്ങിൽ സൗജന്യമായി ആർത്തവ കപ്പുകൾ വിതരണം ചെയ്തത്. താനൂർ എം.എൽ.എ പി.കെ. നവാസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യ സംരക്ഷണത്തോടൊപ്പം വിദ്യാർത്ഥികളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഇത്തരം പദ്ധതികൾ കൂടുതൽ സ്ത്രീകളിൽ അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്നും എം.എൽ.എ പി.കെ. നവാസ് പ്രതികരിച്ചു. കൂടാതെ കോട്ടക്കൽ ആസ്റ്റർ മിംസിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ പ്രശംസനീയണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി ആർത്തവ കപ്പുകളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ശുചിത്വ രീതികളെക്കുറിച്ചും വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ്സിന് ആസ്റ്റർ നർച്ചർ ഡെപ്യൂട്ടി മാനേജർ ഗീതു .ആർ നേതൃത്വം നൽകി.

ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ പദ്ധതികളിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ അസ്റ്റർ വോളണ്ടിയേഴ്സും, അസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി പരിസ്ഥിതി സംരക്ഷണം, സൗജന്യ വൈദ്യസഹായം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളാണ് കോട്ടക്കൽ അസ്റ്റർ മിംസ് നടപ്പിലാക്കുന്നത്. താനൂർ ഗവണ്മെന്റ് കോളേജിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്‌ മാനേജർ കെ.വി മുഹമ്മദ്‌ ഹസീം, ആസ്റ്റർ മിംസ് കോട്ടക്കൽ അസിസ്റ്റന്റ് മാനേജർ റാഷിഖ്. സി, കോളേജ് പ്രിൻസിപ്പൽ ഡോ. ശ്രീലേഖ, വുമൺ സെൽ കൺവീനർ ദിവ്യ തുടങ്ങിയവർ സംസാരിച്ചു.