കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരിട്ട് ഇടപെട്ട് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെ രാജസ്ഥാനിലെ പാർട്ടി പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. ഈ സംഘടനാ ദൗത്യത്തിന് നേതൃത്വം നൽകിയത് എഐസിസി ജനറൽ സെക്രട്ടറിയും സംഘടനാ ചുമതലയുള്ള നേതാവുമായ കെ.സി. വേണുഗോപാലായിരുന്നു.
രാജസ്ഥാനിൽ ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഗ്രാമീണ ജനതയുടെ ശക്തമായ പിന്തുണയോടെ കോൺഗ്രസിന്റെ തകർപ്പൻ മുന്നേറ്റം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 3,700-ലധികം സീറ്റുകൾ നേടി കോൺഗ്രസ് മുന്നിലെത്തിയപ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് 2,200-ൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു. 289 പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് ഭരണസമിതികൾ രൂപീകരിക്കുമ്പോൾ ബിജെപിക്ക് 85 ഇടങ്ങളിൽ മാത്രമാണ് മുന്നിലെത്താനായത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ഗ്രാമീണ ജനതയ്ക്കിടയിലുള്ള ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് ഈ ജനവിധി വിലയിരുത്തപ്പെടുന്നത്.
ഈ മുന്നേറ്റം കേവലം ഒരു തെരഞ്ഞെടുപ്പ് വിജയമല്ല. നഗരസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വം രാജസ്ഥാനിലെ സംഘടനാ സംവിധാനത്തിൽ നടത്തിയ നിർണായക ഇടപെടലുകളുടെ കൂടി ഫലമാണിത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരിട്ട് ഇടപെട്ട് സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെ രാജസ്ഥാനിലെ പാർട്ടി പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. ഈ സംഘടനാ ദൗത്യത്തിന് നേതൃത്വം നൽകിയത് എഐസിസി ജനറൽ സെക്രട്ടറിയും സംഘടനാ ചുമതലയുള്ള നേതാവുമായ കെ.സി. വേണുഗോപാലായിരുന്നു.
ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശങ്ങൾ താഴെത്തട്ടിൽ കൃത്യമായി നടപ്പാക്കുന്നതിനൊപ്പം സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ ഏകോപനവും സംഘടനാ ഐക്യവും ഉറപ്പാക്കുന്നതിലും കെ.സി. വേണുഗോപാൽ നിർണായക പങ്കുവഹിച്ചു. നഗരസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടാസ്ര, എഐസിസി ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുമായി വിശദമായ അവലോകന യോഗങ്ങൾ നടത്തി. സംഘടനാപരമായ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പരിഹാര നടപടികൾക്ക് രൂപം നൽകി.

പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയതിനൊപ്പം കെ.സി. വേണുഗോപാൽ നേരിട്ട് രാജസ്ഥാനിലെത്തി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പിസിസി അധ്യക്ഷൻ, എഐസിസി ചുമതലയുള്ള നേതാവ്, ഡിസിസി അധ്യക്ഷന്മാർ, പ്രാദേശിക നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ താഴെത്തട്ടിലെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി. നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നതകൾ പരിഹരിച്ച് പാർട്ടിയെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഇരുവരെയും പാർട്ടിയുടെ പൊതുലക്ഷ്യത്തിലേക്ക് അണിനിരത്തിയതും സംഘടനാ ഏകോപനത്തിൽ നിർണായകമായി. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കിടയിൽ ഐക്യം ഉറപ്പാക്കിയതോടെ പ്രവർത്തകർക്കിടയിലും പുതിയ ആത്മവിശ്വാസം രൂപപ്പെട്ടു.
സ്ഥാനാർത്ഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണം വരെയുള്ള ഓരോ ഘട്ടത്തിലും കൃത്യമായ നിരീക്ഷണവും ഇടപെടലും ഉറപ്പാക്കി. പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ ഉയർന്ന പരാതികളിൽ സമയബന്ധിതമായി ഇടപെടുകയും ചെയ്തു. പ്രാദേശിക തലത്തിൽ സംഘടന നേരിട്ട പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കി. പ്രത്യേക തെരഞ്ഞെടുപ്പ് യോഗങ്ങൾ വിളിച്ചുചേർത്ത് പ്രവർത്തന പുരോഗതി നിരന്തരം വിലയിരുത്തി. അവസാനഘട്ടം വരെയും ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള മേൽനോട്ടവും ഏകോപനവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കരുത്തേകി.
മുമ്പ് രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന കെ.സി. വേണുഗോപാലിന് സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സംഘടനാ സംവിധാനത്തെക്കുറിച്ചുമുള്ള വ്യക്തമായ ധാരണ ഈ ദൗത്യത്തിൽ വലിയ നേട്ടമായി. ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ ദിശാബോധവും സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനവും താഴെത്തട്ടിലെ സംഘടനാ സംവിധാനത്തിന്റെ ചലനാത്മകതയും ഒരുമിപ്പിക്കാൻ അദ്ദേഹത്തിനായി. ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരിക്കെ ഗ്രാമീണ രാജസ്ഥാനിൽ കോൺഗ്രസ് നേടിയ ഈ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ സന്ദേശമാണ് നൽകുന്നത്. ഭരണവിരുദ്ധ വികാരത്തെ സംഘടനാപരമായ കരുത്താക്കി മാറ്റാൻ കഴിഞ്ഞാൽ കോൺഗ്രസിന് ശക്തമായ തിരിച്ചുവരവ് സാധ്യമാണെന്ന രാഷ്ട്രീയ സൂചന കൂടിയാണിത്.
മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നിശ്ചയദാർഢ്യവും കെ.സി. വേണുഗോപാലിന്റെ സംഘടനാ ഏകോപനവും രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും ഒത്തുചേർന്നപ്പോൾ ഗ്രാമീണ മേഖലയിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകാനായി. കെ.സി. വേണുഗോപാൽ വിശേഷിപ്പിച്ചതുപോലെ, "It's a Congress wave in Rajasthan!"














