യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാന പ്രകാരം, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ നേതൃത്വത്തിലാണ് റമദാന്‍ മാസത്തിന്റെ ആരംഭത്തില്‍ തന്നെ 'നൂറ് കോടി ഭക്ഷണപ്പൊതികള്‍' പദ്ധതിക്ക് തുടക്കമായത്.
ദുബൈ: ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും ഭക്ഷണം നൽകാൻ ലക്ഷ്യമിടുന്ന വണ്‍ ബില്യൺ മീൽസ് സംരംഭത്തിന് കീഴിൽ അഞ്ച് രാജ്യങ്ങളില്‍ ഭക്ഷണ വിതരണം തുടങ്ങി. ലെബനൻ, ഇന്ത്യ, ജോർദാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലാണ് ഭക്ഷ്യവസ്‍തുക്കളും ഭക്ഷണപ്പൊതികളും വിതരണം ചെയ്യാൻ തുടങ്ങിയതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാന പ്രകാരം, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ നേതൃത്വത്തിലാണ് റമദാന്‍ മാസത്തിന്റെ ആരംഭത്തില്‍ തന്നെ 'നൂറ് കോടി ഭക്ഷണപ്പൊതികള്‍' പദ്ധതിക്ക് തുടക്കമായത്. സംരംഭം ഫുഡ് ബാങ്കിംഗ് റീജിയണൽ നെറ്റ്‌വർക്കിന്റെയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെയും സഹകരണത്തോടെയാണ് വിവിധ രാജ്യങ്ങളിൽ വിതരണം തുടങ്ങിയിരിക്കുന്നത്.
ദീർഘകാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചുവെയ്‍ക്കാന്‍ കഴിയുന്ന ചേരുവകളുള്ള ഭക്ഷണപ്പൊതികളുമാണ് വിതരണം ചെയ്യാൻ തുടങ്ങിയത്. മാവ്, അരി, എണ്ണ, പഞ്ചസാര, ഈന്തപ്പഴം തുടങ്ങിയ അടിസ്ഥാന ഭക്ഷണപദാർത്ഥങ്ങൾ അടങ്ങിയ പാക്കറ്റുകളും വിതരണം ചെയ്യുന്നു.
വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ, ബിസിനസുകാർ, ജീവകാരുണ്യ, മാനുഷിക പ്രവർത്തകര്‍ എന്നിവരിൽ നിന്നുള്ള സംഭാവനകളുടെയും മറ്റും സഹായത്തോടെയാണ് ഭക്ഷ്യ വസ്‍തുക്കകളുടെ വിതരണം. ജാതി, മത, രാജ്യ വിവേചനമില്ലാതെ ആവശ്യമുള്ളവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ താൽപ്പര്യമുള്ള യുഎഇയുടെയും ഉദാരമതികളായ സമൂഹത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഉദ്യമമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
