ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും ദുബായിലെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ എഞ്ചിനീയറുമായ  പത്തനംതിട്ട സ്വദേശി ഷാനവാസ് ശംസുദ്ദീന്‍,  ഒന്നര വയസുള്ള മകന്‍ ഉള്‍പ്പെടെയുള്ള കുടുംബാഗങ്ങളടക്കം പത്തംഗം സംഘമാണ് യാത്ര തിരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് വാഹനങ്ങളിലാണ് അല്‍ ഖുദ്‍റയിലെത്തിയത്.

ദുബായ്: വാഹനങ്ങള്‍ മണ്ണില്‍ പുതഞ്ഞും വഴിതെറ്റിയും ഒരു രാത്രി മുഴുവന്‍ മരുഭൂമിയില്‍ കുടുങ്ങിയ മലയാളി സംഘത്തെ ദുബായ് പൊലീസ് കണ്ടെത്തി രക്ഷിച്ചു. നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലത്ത് ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് വാഹനങ്ങളില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഭക്ഷണവും വെള്ളവും നല്‍കുകയും തകരാറ് പരിഹരിച്ച് വാഹനങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു.

ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും ദുബായിലെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ എഞ്ചിനീയറുമായ പത്തനംതിട്ട സ്വദേശി ഷാനവാസ് ശംസുദ്ദീന്‍, ഒന്നര വയസുള്ള മകന്‍ ഉള്‍പ്പെടെയുള്ള കുടുംബാഗങ്ങളടക്കം പത്തംഗം സംഘമാണ് യാത്ര തിരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് വാഹനങ്ങളിലാണ് അല്‍ ഖുദ്‍റയിലെത്തിയത്. ഇവിടെ നിന്ന് മരുഭൂമിയിലേക്ക് പോവുകയായിരുന്നു. സ്ഥിരമായി മരുഭൂമിയില്‍ യാത്ര ചെയ്ത പരിചയമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനത്തിന്റെ ടയര്‍ മണലില്‍ പുത‌യുകയും മറ്റൊന്ന് തകരാറിലാവുകയും ചെയ്തു. ഇത് പരിഹരിച്ച് യാത്ര തുടര്‍ന്നെങ്കിലും രാത്രി എട്ട് മണിയോടെ വഴിതെറ്റിയെന്ന് ഇവര്‍ക്ക് മനസിലായി. അപ്പോഴേക്കും 18 കിലോമീറ്ററോളം യാത്ര ചെയ്തിരുന്നു. പിന്നീട് രാത്രി ഒരു മണിവരെ മരുഭൂമിയില്‍ യാത്ര ചെയ്തെങ്കിലും വഴി കണ്ടെത്താനായില്ല.

രാത്രി ഇനി വഴികണ്ടെത്തി പുറത്തെത്താനാവില്ലെന്ന് മനസിലായതോടെ അവിടെ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ടെന്റുകളടിച്ചു് അതിനുള്ളിലും വാഹനങ്ങളിലുമായി രാത്രി കഴിച്ചുകൂട്ടി. ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് യുഎഇയില്‍ രാത്രി സമയങ്ങളിലെ തണുപ്പ്. രാവിലെ പിന്നെയും യാത്ര പുറപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ ടയര്‍ മണലില്‍ പുതുഞ്ഞുപോവുകയായിരുന്നു. കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. പ്രമേഹരോഗികളായ മാതാപിതാക്കള്‍ കൂടി ഒപ്പമുണ്ടായിരുന്നത് സ്ഥിതി ഗൗരവതരമാക്കി. . സംഘാംഗങ്ങള്‍ പരിഭ്രാന്തരാവാന്‍ തുടങ്ങിയതോടെ ദുബായ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.

ജിപിഎസ് സിഗ്നലുകള്‍ ലഭിക്കാത്ത സ്ഥലമായതിനാല്‍ ഇവരെ കണ്ടെത്തുന്നത് പൊലീസ് സംഘത്തിന് ശ്രമകരമായിരുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് പൊലീസ് സംഘം ഇവര്‍ കുടങ്ങിക്കിടന്ന സ്ഥലം കണ്ടെത്തിയത്. ഇതിന് പിന്നാലെ വാഹനങ്ങളില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. ഉദ്ദ്യോഗസ്ഥര്‍ സംഘാംഗങ്ങളെ സമാധാനിപ്പിക്കുകയും ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്തു. വാഹനങ്ങള്‍ പൊലീസ് സംഘം കെട്ടിവലിച്ച് പുറത്തെത്തിച്ചു. മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് ഇവരെ മുറഖാദ് റോഡിലെത്തിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലാണ് തങ്ങള്‍ക്ക് രക്ഷയായതെന്ന് സംഘാങ്ങള്‍ പറഞ്ഞു.