അബുദാബി: രാജ്യത്തെ മികച്ച 100 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചു. അറബ് സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജോര്‍ദാനില്‍ നടക്കുന്ന പശ്ചിമേഷ്യ-വടക്കേ ആഫ്രിക്ക ലോക സാമ്പത്തിക ഫോറത്തിലാണ് യുഎഇ ക്യാബിനറ്റ് സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ തൂഖ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അറബ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക വഴി നാലാം വ്യവസായ വിപ്ലവത്തിനാണ് രാജ്യം തുടക്കം കുറിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 100 കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള വിസയായിരിക്കും അനുവദിക്കുക.  ലോക സാമ്പത്തിക ഫോറത്തില്‍ 'അറബ് സ്റ്റാര്‍ട്ടപ്പ്സ്-റീച്ചിങ് വെലോസിറ്റി' എന്ന പേരില്‍ നടന്ന ചര്‍ച്ചയില്‍ യുഎഇ ക്യാബിനറ്റ് സെക്രട്ടറിക്ക് പുറമെ ദുബായ് ഫ്യൂചര്‍ ഫൗണ്ടേഷന്‍ സിഇഒ ഖല്‍ഫാന്‍ ജുമാ ബെല്‍ഹൂല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.