ഏപ്രില്‍ 11നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം '100 മില്യന്‍ മീല്‍സ്' പദ്ധതി പ്രഖ്യാപിച്ചത്.

ദുബൈ: യുഎഇയുടെ '100 മില്യന്‍ മീല്‍സ്' പദ്ധതിക്ക് ആവേശകരമായ പിന്തുണ. പദ്ധതി പ്രഖ്യാപിച്ച് 10 ദിവസം കൊണ്ട് ഏകദേശം 90 ശതമാനം ലക്ഷ്യം കൈവരിച്ചു. ആദ്യ ആഴ്ചയില്‍ തന്നെ 50 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കിയിരുന്നു.

'100 മില്യന്‍ മീല്‍സ്' പദ്ധതി സമൂഹവും വ്യക്തികളും നെഞ്ചേറ്റിയതില്‍ സന്തോഷമുണ്ടെന്നും കാരുണ്യം നിറഞ്ഞ മനസ്സുകള്‍ക്ക് നന്ദി പറയുന്നതായും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ്(എം ബി ആര്‍ ജി ഐ) ഡയറക്ടര്‍ സാറ അല്‍ നുഐമി പറഞ്ഞു. പദ്ധതിയുടെ ലക്ഷ്യം 100 ശതമാനം പൂര്‍ത്തിയാക്കിയാലും അവസാനിപ്പിക്കില്ലെന്നും സമൂഹത്തില്‍ നിന്നുള്ള പിന്തുണ തുടരുന്ന പക്ഷം റമദാന്‍ മാസം അവസാനം വരെ പദ്ധതി തുടരുമെന്നും സാറ അല്‍ നുഐമി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 11നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 100 മില്യന്‍ മീല്‍സ് പദ്ധതി പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 20 രാജ്യങ്ങളില്‍ പ്രതിസന്ധിയില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണമെത്തിക്കുക ആയിരുന്നു പദ്ധതി ആദ്യം ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ആഫ്രിക്കയിലെ ബെനിന്‍, സെനഗാള്‍, കസാഖ്‌സ്താന്‍, ഉസ്ബകിസ്താന്‍, തജികിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഏഷ്യയിലെ കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, യൂറോപ്പിലെ കൊസോവോ, തെക്കേ അമേരിക്കയിലെ ബ്രസീല്‍ എന്നീ 10 രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തിലാണ് പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യപദ്ധതി, ഫുഡ് ബാങ്കിങ് പ്രാദേശിക നെറ്റ്വര്‍ക്കുകള്‍, പ്രാദേശിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് ഈ രാജ്യങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കുക. 

ലോകത്തിന്‍റെ ഏത് കോണിലുള്ള ആളുകള്‍ക്കും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ക്യാമ്പയിനിന് ഒരു ദിർഹം മുതൽ സഹായം നൽകാം. വെബ്സൈറ്റ്: website www.100millionmeals.ae . ബാങ്ക് വഴി അയക്കാൻ– Dubai Islamic Bank account with IBAN no.:AE080240001520977815201. എസ്എംഎസ് (എത്തിസാലാത്ത്, ഡു) വഴി അയക്കുമ്പോൾ "Meal" എന്ന് ടൈപ്പ് ചെയ്യുക. വലിയ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി