ഫ്‌ളോറിഡ: ഗള്‍ഫില്‍ പട്രോളിങ് നടത്തുന്ന അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അപകടകരമായ അകലത്തില്‍ വലംവച്ചതായി യുഎസ് നാവികസേന. ഇറാന്‍ ഒരു മണിക്കൂറോളം പ്രകോപനം സൃഷ്ടിച്ചതായാണ് അമേരിക്കന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ആരോപിക്കുന്നത്. 

അന്താരാഷ്ട്രാ ജലത്തില്‍ സൈനിക ഹെലികോപ്ടറുകളുമായി സംയുക്ത പട്രോളിങ് നടത്തുന്നതിനിടെയാണ് ആറ് യുഎസ് സൈനിക കപ്പലുകളെ 11 ഇറാനിയന്‍ കപ്പലുകള്‍ വലംവച്ചത്. യുഎസ് കപ്പലുകള്‍ നിരന്തരം സൈറണ്‍ മുഴക്കിയും റേഡിയോ സന്ദേശങ്ങള്‍ വഴിയും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് കപ്പലുകള്‍ പിന്‍വാങ്ങിയതെന്നും നേവി വ്യക്തമാക്കുന്നു.

കൂട്ടിയിടി സാധ്യത വര്‍ധിപ്പിക്കുന്ന തരത്തിലായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ നടപടി. ഇത് അന്താരാഷ്ടാ സമുദ്രനിയമത്തിന്റെ ലംഘനമാണെന്നും നേവി പറയുന്നു. ഇറാന്‍ ആക്രമണത്തെ തടയാന്‍ നിയോഗിക്കപ്പെട്ട യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്രാ മാരിടൈം  സെക്യൂരിറ്റി  കണ്‍സ്ട്രക്ട് ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയും സംഭവം സൂചിപ്പിക്കുന്നുണ്ട്. അതേസമയം കപ്പല്‍ ഗതാഗതത്തിന് നിലവില്‍ ഭീഷണികള്‍ ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.