ശിക്ഷാ നടപടി എന്നതിലപ്പുറം തടവുകാരുടെ പുനരധിവാസവും ആരോഗ്യ സംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളവയാണ് ദുബായ് ജയിലിലെ സംവിധാനങ്ങളെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കുടുംബവുമായും സ്വന്തം കുട്ടികളുമായും ബന്ധപ്പെടാന്‍ അവസരം നല്‍കും. 

ദുബായ്: ശിക്ഷാ കാലാവധി പൂര്‍ത്തിയായിച്ചും ജയില്‍ വിട്ടുപോകാന്‍ വിസമ്മതിച്ച് ദുബായിലെ 11 വനിതാ തടവുകാര്‍. സ്വന്തം വീട്ടിലും നാട്ടിലും കിട്ടുന്നതിനേക്കാള്‍ സുരക്ഷിതത്വം ജയിലിലാണെന്ന് പറഞ്ഞാണ് ഇവര്‍ പുറത്തുപോകാന്‍ വിസമ്മതിക്കുന്നതെന്ന് ദുബായ് വിമണ്‍സ് ജയില്‍ ഡയറക്ടര്‍ കേണല്‍ ജമില ഖലീഫ അല്‍ സാബി പറഞ്ഞു.

ശിക്ഷാ നടപടി എന്നതിലപ്പുറം തടവുകാരുടെ പുനരധിവാസവും ആരോഗ്യ സംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളവയാണ് ദുബായ് ജയിലിലെ സംവിധാനങ്ങളെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കുടുംബവുമായും സ്വന്തം കുട്ടികളുമായും ബന്ധപ്പെടാന്‍ അവസരം നല്‍കും. സമാധാനപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്ന പലരും ഇവിടെ ശിക്ഷയല്ല നല്ല സേവനമാണ് ലഭിക്കുന്നതെന്ന അഭിപ്രായക്കാരാണ്. ജയിലിലെ ജീവിതം ആസ്വദിച്ചെന്നും തന്റെ സ്വന്തം രാജ്യത്ത് ഇത്രയും സുരക്ഷിതത്വത്തോടെ ഒരുകാലത്തും ജീവിച്ചിട്ടില്ലെന്നുമാണ് തടവുകാരില്‍ ഒരാള്‍ ഖലീജ് ടൈംസിനോട് പറഞ്ഞത്.

പെയിന്റിങ് ഉള്‍പ്പെടെയുള്ള ഹോബികള്‍ പരിപോഷിപ്പിക്കാനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ ലൈബ്രറി, സ്പോര്‍ട്സ് സൗകര്യങ്ങള്‍, ഡ്രോയിങ്, റിക്രിയേഷന്‍ റൂമുകള്‍. വിവിധ മത്സരങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ എന്നിവയും വനിതാ ജയിലിലുണ്ട്. ജയില്‍ കോമ്പൗണ്ടില്‍ നടക്കാനും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും തടവുകാര്‍ക്ക് അനുവാദമുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കും ചെറുപ്പം മുതലുണ്ടായിരുന്ന അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ ചികിത്സ ലഭ്യമാക്കും. രാജ്യത്തെ മികച്ച കാറ്ററിങ് ഏജന്‍സിയാണ് ഭക്ഷണവിതരണം നടത്തുന്നത്.