ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് പ്രമുഖ ഷോപ്പിങ് മാളുകളില്‍ 12 മണിക്കൂര്‍ മെഗാ സെയില്‍ തുടങ്ങി. രാവിലെ 10 മണി മുതല്‍ രാത്രി 10 വരെയാണ് വ്യാപാര മേള. മാജിത് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ മാളുകളില്‍ 90 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 

മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ മിഐസം, മൈ സിറ്റി സെന്റര്‍ അല്‍ ബര്‍ഷ, സിറ്റി സെന്റര്‍ ഷിന്ദഗ എന്നിവയാണ് സെയിലില്‍ പങ്കെടുക്കുന്നത്. ഫാഷന്‍, ഇലക്ട്രോണിക്സ്, കിഡ്സ് വെയര്‍ എന്നീ വിഭാഗങ്ങളിലാണ് ഒരു ദിവസത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. വിവിധ വിഭാഗങ്ങളില്‍ 25 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് സംഘടകര്‍ അറിയിച്ചു. ജനുവരി 30 വരെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി ആറാം എഡിഷന്‍ നീണ്ടുനില്‍ക്കുക.