അടുത്ത അഞ്ച് മാസത്തിനുള്ളില്‍ പല ഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുകയെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

റിയാദ്: സ്വദേശി വത്കരണത്തിന്റെ അടുത്ത ഘട്ടമായി സൗദിയില്‍ 12 മേഖലകളിലെ ജോലികള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമാക്കുന്നു. അടുത്ത അഞ്ച് മാസത്തിനുള്ളില്‍ പല ഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുകയെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

സെപ്തംബര്‍ 11 മുതലായിരിക്കും സ്വദേശി വത്കരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. കാര്‍, മോട്ടോര്‍ സൈക്കിള്‍ ഷോറൂമുകള്‍, വസ്ത്ര വില്‍പ്പനശാലകള്‍, കുട്ടികളുടെ വസ്ത്ര വില്‍പ്പനശാലകള്‍, മെന്‍ ആക്സസറീസ് ഷോറൂമുകള്‍, ഹോം-ഓഫീസ് ഫര്‍ണിച്ചര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ആദ്യ ഘട്ടത്തില്‍ വിദേശികളെ ഒഴിവാക്കുന്നത്. 

രണ്ട് മാസത്തിന് ശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ വാച്ച് കടകള്‍, ഐ ഗ്ലാസ് ഷോപ്പുകള്‍, ഇലക്ട്രിക്-ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, എന്നിവയായിരിക്കും ഉള്‍പ്പെടുന്നത്. ജനുവരി പകുതിയോടെയാണ് മൂന്നാം ഘട്ടം. ഇതില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, കണ്‍സ്ട്രക്ഷന്‍ വസ്തുക്കള്‍, വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍, കാര്‍പ്പെറ്റ് കടകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എന്നിവയും സൗദി പൗരന്മാര്‍ക്ക് മാത്രമായി നീക്കി വെയ്ക്കും.