ഒരു കുടുംബത്തിലെ അഞ്ചു പേരുൾപ്പടെ 13 പേരാണ് മരിച്ചത്.
റിയാദ്: വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേരുൾപ്പടെ 13 പേർ മരിച്ചു. ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക് പുറപ്പെട്ട യമൻ പൗരനും കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ് രണ്ട് കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ് അപകടത്തിൽപ്പെട്ടത്.
റിയാദിൽ നിന്ന് 75 കിലോമീറ്ററകലെ മുസാഹ്മിയയിൽ വെച്ച് ഈ മൂന്ന് കാറുകളുടെ നേരെ എതിരിൽനിന്ന് വന്ന പാകിസ്താനി പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ഡോ. ജാഹിം അൽശബ്ഹിയും മക്കളായ അർവ (21), ഫദൽ (12), അഹമ്മദ് (8), ജന (5) എന്നിവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡോക്ടറുടെ ഭാര്യയും മറ്റ് മൂന്നു മക്കളും പരിക്കേറ്റ് ചികിത്സയിലാണ്. മറ്റ് രണ്ട് കാറുകളിലുണ്ടായിരുന്ന എട്ടു പേരും അപകടത്തിൽ മരിച്ചു. എന്നാൽ അവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഡോക്ടറും കുടുംബവും സഞ്ചരിച്ച വാഹനം പൂർണമായി തകർന്നു.
Read Also - ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ലോറി മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) മരിച്ചത്.
റിയാദിൽ നിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി റിയാദ് നഗരത്തിനോട് ചേർന്നുള്ള ചെക്ക് പോയിൻറിന് സമീപം മറിഞ്ഞായിരുന്നു അപകടം. അജിത്താണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ - ലത ദേവദാസൻ ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാർ. മകൻ: മോഹനൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
