ഷാര്‍ജ: 13 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ റംതയിലാണ് തുണികൊണ്ട് കുരുക്കുണ്ടാക്കി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖാസിമി ആശുപത്രി അധികൃതരാണ് വിവരം ഷാര്‍ജ പൊലീസിനെ അറിയിച്ചത്.

അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസതടസമാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ശരീരത്തില്‍ മറ്റ് പരിക്കുകളില്ല. സ്‍കാര്‍ഫ് ഉപയോഗിച്ച് കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ആശുപത്രിയിലെത്തി അര മണിക്കൂറിനകം തന്നെ മരണം സ്ഥിരീകരിച്ചു. മരണത്തിലേക്ക് നയിച്ച മറ്റ് കാരണങ്ങള്‍ കണ്ടെത്താനായി പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.