Asianet News MalayalamAsianet News Malayalam

പത്ത് മാസത്തിനിടെ നാടുകടത്തിയത് 13,000 പ്രവാസികളെ

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2018ല്‍ 34,000 പേരെയും 2019ല്‍ 40,000 പേരെയും നാടുകടത്തിയിരുന്നു

13000 expatriates deported from kuwait in the last 10 months
Author
Kuwait City, First Published Oct 30, 2020, 8:39 AM IST

കുവൈത്ത് സിറ്റി: ഈ വര്‍ഷം ഇതുവരെ 13,000 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയിലെ അസമത്വം പരിഹരിക്കുന്നതിന്റെയും രാജ്യത്തുനിന്ന് കുറ്റവാളികളെയും നിയമലംഘകരെയും ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചത്. പൊതുതാത്പര്യം മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2018ല്‍ 34,000 പേരെയും 2019ല്‍ 40,000 പേരെയും നാടുകടത്തിയിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങള്‍ അടച്ചിട്ടതാണ് ആളുകളുടെ എണ്ണം കുറയാന്‍ കാരണം. 

കോടതി ഉത്തരവുകളുടെ പേരിലാണ് 90 ശതമാനം പേരും നാടുകടത്തപ്പെട്ടിട്ടുള്ളത്. സ്‍ത്രീകളും പുരുഷന്മാരുമടക്കം 900 പേര്‍ ഇപ്പോള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെയും സ്വന്തം നാടുകളിലേക്ക് അയക്കും. കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തി നാടുകടത്തല്‍ കേന്ദ്രങ്ങളിലും ആളുകളുടെ എണ്ണം കൂടാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദീര്‍ഘകാലമായി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസികളില്‍ ചിലര്‍ മാസങ്ങളായി ഇവിടെ കഴിയുകയാണ്.

Follow Us:
Download App:
  • android
  • ios