ദുബായ്: കാസർകോട്ടെ കൊവിഡ് ബാധിതന്റെ കൂടെ താമസിച്ചിരുന്ന ദുബായിയിലെ സുഹൃത്തുക്കളെ അധികൃതർ നിരീക്ഷണത്തിലാക്കി. നൈഫിലെ താമസസ്ഥലത്ത് രണ്ടുദിവസമായി ശരിയായി ഭക്ഷണം പോലും കഴിക്കാതെ കഴിയുകയായിരുന്ന 14 പേരെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. 

കാസർകോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ സുഹൃത്തുക്കളെല്ലാം ആശങ്കയിലായിരുന്നു. ദിവസങ്ങളോളം  പലരുടെയും സഹായം തേടിയെങ്കിലും വരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. ഭക്ഷണം പോലും കിട്ടാതെ ഏറെ ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു ഇവർ. 

ഒടുവിൽ സാമൂഹ്യപ്രവർത്തകനായ റസൽ വാടാനപ്പള്ളി ഇടപെട്ടതോടെയാണ് ഇവരെ താമസസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് മാറ്റാനായത്. കഴിഞ്ഞ ഏഴാം തീയതിയാണ് കാസർകോട് സ്വദേശി ദുബായിയിൽ നിന്ന് നാട്ടിലെത്തിയത്. ദുബായിയിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന ജോലിയാണ് ഇയാൾക്ക്.

ഇയാൾ ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം രണ്ടുമൂന്നു മുറികളിലായി മാറി മാറി താമസിക്കുകയായിരുന്നു. ഇവിങ്ങളിലെല്ലാം ഇയാൾ നല്ല സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. ഇപ്പോൾ  നിരീക്ഷണത്തിലാക്കിയ 14 പേരും നൈഫിൽ ബിസിനസ് ചെയ്യുന്നവരാണ്. എല്ലാവരും കാസർകോട് സ്വദേശികളാണ്. ഇവരിൽ പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ പനിയുണ്ടായിരുന്നു. എന്നാൽ ഇത് കൊവിഡ് രോഗലക്ഷണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ പരിശോധനാ ഫലം ലഭിക്കും.