റാസല്‍ഖൈമ: യുഎഇയില്‍ ബൈക്കപകടത്തില്‍  14കാരിയുടെ കൈ അറ്റുപോയി. പെണ്‍കുട്ടിയുടെ വീടിനടുത്ത് റാസല്‍ഖൈമ നഗരത്തില്‍ നടന്ന അപകടത്തിലാണ് ദാരുണസംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകട ശേഷം പെണ്‍കുട്ടിയെ സാഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

അറ്റുപോയ കൈ ചേര്‍ത്തുവയ്ക്കാനായി പെണ്‍കുട്ടിയെ ഹെലികോപ്ടറില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. കൈ തുന്നിച്ചേര്‍ക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശസ്ത്രക്രിയക്കുള്ള നടപടികള്‍ നടന്നുപവരികയാണ്. അറ്റുപോയ കൈ നിലവില്‍ ഐസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കുട്ടികള്‍ അവധി ദിവസങ്ങളില്‍ ബൈക്ക് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ഇത്തരം വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.