അബുദാബി: വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള 140 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം യുഎഇ അധികൃതര്‍ പിടികൂടി. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയാണ് ഇക്കാര്യം അറിയച്ചത്.

വിദേശത്ത് പഠിക്കുന്ന സ്വദേശികള്‍ അവിടെ നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ യുഎഇയില്‍ ഹാജരാക്കുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റകള്‍ പിടിച്ച കാര്യം മന്ത്രി അറിയിച്ചത്. ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് പോലും അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ എംബസി ഉള്‍പ്പെടെയുള്ള അധികൃതര്‍ പരിശോധിച്ച് അത് സ്റ്റാമ്പ് ചെയ്യാതെ അംഗീകരിക്കില്ല. ഇതിന് പുറമെ സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷമേ അംഗീകാരം നല്‍കാറുള്ളൂവെന്നും മന്ത്രി പറഞ്ഞു.