അബുദാബി: കോടികളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന വ്യാജ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ 142 പേരെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു. വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്നവരുടെ വലയില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 13 സംഘങ്ങളിലായി 142 പേരെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്.

കോടികളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു ഫോൺ വിളിച്ചോ എസ്എംഎസ് സന്ദേശം അയച്ചോ ഇരകളെ അറിയിക്കുന്ന സംഘം തുക അക്കൗണ്ടിലേക്ക് മാറ്റാനായി ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യ നമ്പറും ഒടിപിയും ചോദിക്കുകയാണ് പതിവ്. ഇവ ലഭിക്കുന്നതോടെ അക്കൗണ്ടിന്‍റെ നിയന്ത്രണം കൈക്കലാക്കുന്ന സംഘം തുക മുഴുവൻ തട്ടിയെടുക്കുന്നു.

മറ്റെന്തെങ്കിലും ഇടപാട് നടത്തുമ്പോഴാണ് ചതിയിൽപെട്ട വിവരം വ്യക്തി അറിയുന്നത്. നിരവധി മലയാളികളടക്കമുള്ള വിദേശികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. 2019 മുതൽ ഈ വർഷം ഫെബ്രുവരി 9 വരെ നടത്തിയ തിരച്ചിലിലാണ് 142 പേർ പിടിയിലായത്. ദുബായ്, അജ്മാൻ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തിവന്ന സംഘത്തെ അതാതു എമിറേറ്റുകളിലെ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

വ്യാജ വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്നും ഇത്തരക്കാർക്ക് രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പുകാരെക്കുറിച്ചു യഥാസമയം അധികൃതരെ വിവരം അറിയിക്കണം. എടിഎം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷ്മത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങൾ കൂടുതലായി എത്തുന്ന പൊതു സ്ഥലങ്ങളിലും ‌ തൊഴിലാളി ക്യാംപുകളിലും മറ്റും മലയാളം, ഉർദു, ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ ലഘുലേഖകളും വിതരണം ചെയ്യും. വ്യാജ വാഗ്ദാനങ്ങളുമായി ഫോണ്‍ വിളിയെത്തിയാല്‍ 800 2626 നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.