ദുബായ്: യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെയ്ത കനത്ത മഴക്ക് പിന്നാലെ നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ദുബായില്‍ മാത്രം 147 വാഹനാപകടങ്ങളുണ്ടായെന്ന് പൊലീസ് അറിയിച്ചു. രാവിലെ ആറ് മണിക്കും 10 മണിക്കും ഇടയ്ക്കുള്ള നാല് മണിക്കൂറിനുള്ളില്‍ 2,566 പേരാണ് പൊലീസിന്റെ സഹായം തേടി ഫോണ്‍ വിളിച്ചത്.

മോശം കാലാവസ്ഥ തുടരുന്നതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്ന് ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ മുഹൈരി അറിയിച്ചു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ സമയം കണക്കാക്കി നേരത്തെറിയങ്ങി പതുക്കെ വാഹനം ഓടിക്കണം. ദൂരക്കാഴ്ചയെ കാലാവസ്ഥ ബാധിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഴ കണക്കിലെടുത്ത് കൂടുതല്‍ പട്രോളിങ് സംഘങ്ങളെ പൊലീസ് രംഗത്തിറക്കിയിട്ടുണ്ട്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും.