Asianet News MalayalamAsianet News Malayalam

ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തി; മന്ത്രിയുടെ നേതൃത്വത്തിലും പരിശോധന

തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള തൊഴില്‍ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉച്ചവിശ്രമ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍.
 

16 firms caught violating summer midday work ban in Bahrain
Author
Manama, First Published Jul 29, 2022, 12:27 PM IST

മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ജൂലൈ ഒന്ന് മുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ നടത്തിവരുന്ന പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയത്. ഉച്ചയ്‍ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ജുലൈ മാസത്തില്‍ ആംരഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നിലനില്‍ക്കും. വേനല്‍ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉഷ്ണ സംബന്ധമായ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ സുരക്ഷ കണക്കിലെടുത്തുമാണ് ഇത്തരമൊരു നിയമം എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപ്പാക്കുന്നത്. തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള തൊഴില്‍ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉച്ചവിശ്രമ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍.

ജൂലൈ ഒന്ന് മുതല്‍ ആകെ 6,608 പരിശോധനകള്‍ ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയം നടത്തിക്കഴിഞ്ഞു. ഇവയില്‍ ആകെ 16 സ്ഥാപനങ്ങളാണ് ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ 27 തൊഴിലാളികള്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നത് ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചു. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ ലഭിക്കാനും നിയമം ലംഘിക്കുന്ന ഓരോ തൊഴിലാളിക്കും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ചുമത്തപ്പെടാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read also: യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ

മധ്യാഹ്ന വിശ്രമം നിയമം ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടപടി. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെ ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്.

ഉച്ചസമയത്ത് നേരിട്ട് ചൂടേല്‍ക്കുന്നതില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. ഈ മാസം മൂന്നു മുതല്‍ 16 വരെയുള്ള കാലയളവില്‍ 25 കമ്പനികളുടെ 23 സൈറ്റുകളില്‍ തുടര്‍ച്ചയായി ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിരോധനം ലംഘിച്ചതിന് ഈ വര്‍ഷം ഇതുവരെ 200ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

ഗൾഫിനോട് മലയാളിയുടെ പ്രിയം കുറയുന്നു, കുടിയേറുന്നവരുടെ എണ്ണം എട്ടിൽ ഒന്നായി; പ്രവാസി പണം പകുതിയായി

Follow Us:
Download App:
  • android
  • ios