Asianet News MalayalamAsianet News Malayalam

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം 103 ആയി, ശനിയാഴ്ച മാത്രം 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദിൽ അമേരിക്ക, ഫ്രാൻസ് പൗരന്മാരായ ഓരോരുത്തരില്‍ വീതവും രോഗബാധ കണ്ടെത്തി. ഇവരെയെല്ലാം അതതിടങ്ങളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 103 ആയി. ഇതിലൊരാൾ പൂർണമായും സുഖംപ്രാപിച്ചു. 

17 new cases of coronavirus covid 19 confirmed in saudi arabia brings the total number in to 103
Author
Riyadh Saudi Arabia, First Published Mar 15, 2020, 10:19 AM IST

റിയാദ്: സൗദി അറേബ്യയിലും കോവിഡ് ബാധിതരുടെ എണ്ണം മുകളിലേക്കാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ 103 ആയി. അന്ന് മാത്രം പുതുതായി 17 പേരിലാണ് സ്രവ പരിശോധന പോസിറ്റീവായത്. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ മൂന്നും അൽഹസയിൽ ഒന്നും റിയാദിൽ പത്തും ജിദ്ദയിൽ ഒന്നുമായി 15 സൗദി പൗരന്മാർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 

റിയാദിൽ അമേരിക്ക, ഫ്രാൻസ് പൗരന്മാരായ ഓരോരുത്തരില്‍ വീതവും രോഗബാധ കണ്ടെത്തി. ഇവരെയെല്ലാം അതതിടങ്ങളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 103 ആയി. ഇതിലൊരാൾ പൂർണമായും സുഖംപ്രാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈൻ അൽസറാഫിയാണ് രോഗവിമുക്തി നേടി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരിലെ ബാക്കിയാളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐസൊലേഷൻ വാർഡുകളിൽ തുടരുന്നു. സൗദി പൗരന്മാർക്ക് പുറമെ, രണ്ട് അമേരിക്കക്കാരും ഓരോ ബംഗ്ലാദേശ്, ഫ്രഞ്ച് പൗരന്മാരും ബാക്കി ഈജിപ്ഷ്യൻ പൗരന്മാരുമാണ് ചികിത്സയിലുള്ളത്. 

ഇതിനിടെ ശനിയാഴ്ച റിയാദിലെ ഒരു ഹൈപ്പർമാർക്കറ്റിലും തെക്കൻ പ്രവിശ്യയിലെ ഖുൻഫുദയിലും വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന നിലയിൽ പ്രചരിക്കുന്ന ട്വീറ്റുകൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ ഹൈപർമാർക്കറ്റിൽ ഏഴുപേർക്ക് കോവിഡ് ബാധയെന്ന ട്വീറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് എന്ന അക്കൗണ്ടിലും ഖുൻഫുദയിൽ മുന്നുപേർക്ക് രോഗമെന്ന് മന്ത്രാലയത്തിന്റെ തന്നെ പേരിലുള്ള അക്കൗണ്ടിലുമുള്ള ട്വീറ്റുകളായാണ് പ്രചരിച്ചത്. എന്നാൽ ഈ രണ്ട് ട്വീറ്റുകളും വ്യാജമാണെന്നും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തെന്നത് അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios