ജെഇഇ പരീക്ഷാകേന്ദ്രം ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ അപേക്ഷിച്ച 17 വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. ഇന്ത്യയിലെത്തിയിട്ടും അഡ്മിറ്റ് കാർഡിൽ പരീക്ഷാകേന്ദ്രം ബഹ്‌റൈനായി കാണിക്കുന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

മനാമ: ജെഇഇ പ്രവേശന പരീക്ഷകൾക്ക് ഇന്ത്യക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതിന്‍റെ ആശ്വാസത്തിലാണ് പ്രവാസി വിദ്യാ‍ർത്ഥികള്‍. എന്നാൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വിമാന സർവീസുകളുടെ പരിമിതിയും ഉയർന്ന ടിക്കറ്റ് നിരക്കും മൂലം വലയുകയാണ് പതിനേഴോളം വിദ്യാർത്ഥികള്‍. ഈ വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷാ കേന്ദ്രം ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് മാറ്റുന്നതിനായി എൻടിഎ പോർട്ടൽ വഴി ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരീക്ഷ എഴുതുന്നതിനായി അവർ തന്നെ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 39ഓളം വിദ്യാർത്ഥികളാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് പോയത്. ഇതിൽ 22 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി കിട്ടിയെങ്കിലും 17 പേരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇവർക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത് ബഹ്റൈനിലാണ്. അഡ്മിറ്റ് കാർഡുകൾ പുറത്തിറങ്ങിയപ്പോൾ, ഇന്ത്യയിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങൾക്ക് പകരം പരീക്ഷാ കേന്ദ്രമായി ഇപ്പോഴും 'ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികള്‍ വലിയ ആശങ്കയിലാണ്. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും മാതാപിതാക്കളും അധികൃതർക്ക് നിരവധി തവണ അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ലോകകേരള സഭ അംഗവും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയുമായ സുധീർ തിരുനിലത്ത് കത്ത് അയച്ചിരുന്നു. എത്രയും വേഗം അധികൃതർ ഈ വിഷയത്തിൽ ഇടപെടുകയും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുകയും വേണമെന്നതാണ് ആവശ്യം.