സൗദി അറേബ്യയിലെ അസീർ മേഖലയിലെ അൽജഅ്ദ ചുരത്തിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദുർഘടം പിടിച്ച ഈ പാതയിൽ ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അസീറിലെ ബൽഹമറിനെയും തിഹാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയിലാണ് സൗദി സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടയിൽ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ആറുപേരും അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും ദുർഘടം പിടിച്ച മലയോര പാതകളിൽ ഒന്നാണ് അൽജഅ്ദ ചുരം. സമുദ്രനിരപ്പിൽനിന്ന് 2,500 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത കഠിനമായ തിരിവുകളും കുത്തനെയുള്ള ഇറക്കങ്ങളും നിറഞ്ഞതാണ്. കൂടാതെ വർഷത്തിൽ ഭൂരിഭാഗം സമയവും ഇവിടെ കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടാറുണ്ട്.

ഈ പാതയിൽ വലിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ഈ പ്രദേശത്തിന്റെ സങ്കീർണമായ ഭൂപ്രകൃതി കാരണം അതീവ ജാഗ്രതയോടെ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ കാഴ്ചപരിധി കുറയുമ്പോഴും കാലാവസ്ഥ മാറുമ്പോഴും ഇവിടെ അപകടസാധ്യത വർദ്ധിക്കുന്നു. അതിനാൽ ഡ്രൈവർമാർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ശ്രദ്ധ പുലർത്തണമെന്നും ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി.