ഒമാനിലെ സലാലയിലെ അൽ മുറൂജ് മേഖലയിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. ദൈനംദിന ആവശ്യങ്ങൾക്കുള്ള വിപുലമായ ഉൽപ്പന്നങ്ങളും സെൽഫ് ചെക്ക്ഔട്ട് പോലുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒമാനിലുടനീളം റീട്ടെയിൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം.

സലാല: ഒമാനിലെ സാന്നിധ്യം കൂടുതൽ വിപുലീകരിച്ച് സലാലയിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. അൽ മുറൂജ് മേഖലയിലാണ് പുതിയ സ്റ്റോർ തുറന്നത്. സലാല വിലായത്തിന്റെ വാലിയായ ശൈഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി ഉദ്ഘാടനം നിർവഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചടങ്ങിൽ ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, പ്രമുഖർ, ലുലു ഗ്രൂപ്പിന്റെ മുതിർന്ന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. സലാലയിലെ അതിവേഗം വളരുന്ന നഗര പാർപ്പിട മേഖലകളെ ലക്ഷ്യമിട്ടാണ് പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റോറിൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന വിപുലമായ ഉൽപ്പന്ന ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. അതിവേഗ ബില്ലിംഗ് സൗകര്യത്തിനായി സെൽഫ് ചെക്ക്ഔട്ട് കിയോസ്കുകൾ, എക്‌സ്പ്രസ് കൗണ്ടറുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ഷോപ്പിംഗ് നടത്താൻ കഴിയുമെന്ന് ലുലു അധികൃതർ അറിയിച്ചു.

പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ ഒമാനിലുടനീളമുള്ള ലുലുവിന്റെ വ്യാപന പദ്ധതികൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്ന് ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ. എ. പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ സൗകര്യപ്രദമായ റീട്ടെയിൽ സേവനങ്ങൾ എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സംരംഭമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സലാല മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നതിനും പുതിയ സ്റ്റോർ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്തൃ സൗഹൃദവും ആധുനികവുമായ റീട്ടെയിൽ അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് ഒമാനിൽ വ്യാപനം തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.