റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദി സമ്പദ്ഘടനയിൽ പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലിന്റെ പുതിയ മുതൽ മുടക്ക് പ്രഖ്യാപിക്കുന്നതിനിടെ വലിയ കുതിച്ചുകയറ്റം രാജ്യത്തെ സമ്പദ് രംഗത്തുണ്ടാവുമെന്ന് വ്യക്തമാക്കിയത്. 

രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തലും പരമ്പരാഗത ആധുനിക മേഖലകളിൽ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കലും ലക്ഷ്യമിട്ട് നടപ്പാക്കുന്ന അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതനുസരിച്ചാണ് 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. 

നാല് ലക്ഷം കോടി റിയാലിന്റെ സംരംഭങ്ങളുണ്ടാകും. രാജ്യത്തെ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയാണ് അഞ്ചുവർഷത്തെ പ്രവർത്തന പദ്ധതി നടപ്പാക്കുക. കഴിഞ്ഞ വർഷം പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ ആസ്തി 1.5 ലക്ഷം കോടി റിയാലാക്കി വർധിപ്പിച്ചിരുന്നു. 3,31,000 തൊഴിവസരങ്ങളും സൃഷ്ടിച്ചിരുന്നു.