ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അർദ്ധരാത്രിയിൽ ഒരു ഷോപ്പിംഗ് മാളിനുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 

ദുബൈ: ദുബൈ നഗരത്തിലെ സുരക്ഷ വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കാറുണ്ട്. ദുബൈ നഗരത്തിലെ രാത്രികാലങ്ങളിലെ സുരക്ഷയെ കുറിച്ച് സ്ത്രീകളടക്കമുള്ള വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച വീഡിയോകൾ വളരെ വേഗം വൈറലായിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ദുബൈയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അർദ്ധരാത്രിയിൽ ഒരു ഷോപ്പിംഗ് മാളിനുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ ദുബൈയിലെ അസാധാരണമായ സുരക്ഷിതത്വം വ്യക്തമാക്കി ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ദുബൈയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവ്.

ലവ്കേഷ് സോളങ്കി എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. രാത്രി ഏകദേശം 12 മണിക്ക് മാളിലൂടെ നടക്കുമ്പോൾ, അടച്ചിട്ട പല കടകൾക്കും ഷട്ടറുകളോ, പൂട്ടിടാനോ ഉള്ള സംവിധാനങ്ങളോ ഗ്ലാസ് ഡോറുകളോ ഇല്ലെന്ന് ഇയാൾ വീഡിയോയിൽ കാണിക്കുന്നു. രാത്രി വൈകിയും കടകൾ തുറന്നുകിടക്കുന്നത് ദുബൈയിലെ പൊതു ഇടങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്നതിന് തെളിവാണെന്ന് വീഡിയോയിൽ കാണിക്കുന്നു.

'വാതിലോ പൂട്ടോ ഇല്ല, ദുബൈയിലെ സുരക്ഷ' ക്യാപ്ഷനോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. 'ദുബൈയിൽ നിങ്ങളുടെ സാധനങ്ങൾ ആരും എടുക്കുകയോ മോഷ്ടിക്കുകയോ ചെയ്യില്ല. അവിടുത്തെ കർശനമായ നിയമങ്ങളും ചട്ടങ്ങളും ഉള്ളതുകൊണ്ട് മാത്രമാണ് ഈ ആത്മവിശ്വാസം. ആരെങ്കിലും തങ്ങളുടെ സാധനങ്ങൾ എടുത്ത് പോകുമോ എന്ന് ആളുകൾക്ക് വിഷമിക്കേണ്ടതില്ല. ജീവിതത്തിൽ ഇത്രയും ഉയർന്ന സുരക്ഷിതത്വം അനുഭവിക്കുമ്പോൾ അത് വലിയ സമാധാനം നൽകുന്നു'-യുവാവ് പറയുന്നു.

ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. 'മുപ്പത്തിയഞ്ച് രാജ്യങ്ങളിൽ യാത്ര ചെയ്യുകയും ഏകദേശം രണ്ട് പതിറ്റാണ്ടായി യുഎഇയിൽ താമസിക്കുകയും ചെയ്ത ഒരു വ്യക്തി എന്ന നിലയിൽ, എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും, കിഴക്കോ, പടിഞ്ഞാറോ, യുഎഇ ആണ് ഏറ്റവും മികച്ചത്'- ഒരു ഉപയോക്താവ് കുറിച്ചു. 'ഓരോ വിദേശ യാത്രയ്ക്ക് ശേഷവും യുഎഇയിലേക്ക് തിരികെയെത്തുന്നത് ഇത്രയും പ്രത്യേകതയുള്ള അനുഭവമാക്കുന്നത് ഇതുകൊണ്ടാണ്'- മറ്റൊരാൾ കമന്‍റ് ചെയ്തു. ചിലർ ദുബൈ മാത്രമല്ല മറ്റ് ഗൾഫ് രാജ്യങ്ങളും സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി. ഇതാണ് ദുബൈയുടെ സുരക്ഷയെ മറ്റൊന്നിനും തോൽപ്പിക്കാൻ കഴിയാത്തതിന്‍റെ കാരണമെന്നും ഇതാണ് താൻ ദുബൈയെ ഇത്രയധികം സ്നേഹിക്കാൻ കാരണമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.

View post on Instagram