അബുദാബി ട്രാഫിക് നിയമം അനുസരിച്ച് 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയില്‍ നിന്ന് 5000 ദിര്‍ഹം കൂടി പിഴ ഈടാക്കുകയും ചെയ്യും. നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റുകള്‍ ഇല്ലെങ്കിലും 400 ദിര്‍ഹം പിഴ ചുമത്തും.

അബുദാബി: കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. 10 വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യിച്ച 180 ഡ്രൈവര്‍മാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ പിഴ ചുമത്തിയതായും പൊലീസ് അറിയിച്ചു.

കാറുകളുടെ മുന്‍സീറ്റുകളില്‍ കുട്ടികളെ ഇരിക്കാന്‍ അനുവദിക്കുന്ന അപകടകരമായ പ്രവണത കുടുംബാംഗങ്ങള്‍ ഒഴിവാക്കണമെന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ സീറ്റുകളില്‍ കുട്ടികളെ ഇരുത്തുന്നത് വളരെയധികം അപകടകരമാണെന്നും അവരുടെ സുരക്ഷയ്‍ക്കും എതിരാണെന്നും അബുദാബി പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ വാഹനങ്ങളുടെ പിന്‍ സീറ്റിലാണ് ഇരിക്കേണ്ടത്. ഇവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റുകളും ധരിച്ചിരിക്കണം. നാല് വയസിന് താഴെ പ്രായമുള്ള കുട്ടികളെ സുരക്ഷ കണക്കിലെടുത്ത് ചെല്‍ഡ് സീറ്റുകളില്‍ ആണ് ഇരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി ട്രാഫിക് നിയമം അനുസരിച്ച് 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയില്‍ നിന്ന് 5000 ദിര്‍ഹം കൂടി പിഴ ഈടാക്കുകയും ചെയ്യും. നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റുകള്‍ ഇല്ലെങ്കിലും 400 ദിര്‍ഹം പിഴ ചുമത്തും.

യുഎഇയിലെ നിയമപ്രകാരം 10 വയസ് പ്രായമോ അല്ലെങ്കില്‍ 145 സെന്റീ മീറ്റര്‍ ഉയരമോ ഇല്ലാത്ത കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റുകളില്‍ ഇരിക്കാന്‍ അനുവദിക്കരുത്. ചെറിയ കുട്ടികളെ പിന്‍സീറ്റിലിരുത്തുമ്പോള്‍ പോലും ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുകയും അവ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് സുരക്ഷിതമായി ഉറപ്പിക്കുകയും വേണം. പ്രത്യേക സുരക്ഷാ സംവിധാനമില്ലാതെ വാഹനത്തില്‍ ഇരിക്കുന്ന ഒരു കുട്ടിയുടെ മേല്‍ അപകടമുണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന ആഘാതം 10 മീറ്റര്‍ ഉയരത്തില്‍ നിന്ന് വീഴുന്നതിന് തുല്യമായിരിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടങ്ങളുണ്ടാവുമ്പോള്‍ ചൈല്‍ഡ് സീറ്റുകള്‍ കുട്ടികളുടെ സുരക്ഷാ സംവിധാനമായി പ്രവര്‍ത്തിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

യുഎഇയിലുടനീളം സംഭവിച്ചിട്ടുള്ള നിരവധി അപകടങ്ങളില്‍ കുട്ടികളും ഇരകളായിരുന്നുവെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. നിയമം ലംഘിച്ച് മുന്‍സീറ്റുകളില്‍ ഇരുത്തുന്നതു വഴിയും ചൈല്‍ഡ് സീറ്റുകള്‍ നല്‍കാത്തത് കൊണ്ടും നിരവധി കുട്ടികള്‍ക്ക് പരിക്കുകളും മരണവും സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചിലര്‍ കുട്ടികളെ മടിയിലിരുത്തി വാഹനങ്ങളുടെ മുന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്നു. ഇത് ഏറെ അപകടകരമാണ്. വാഹനങ്ങളില്‍ കുട്ടികള്‍ക്കായി ചൈല്‍‍ഡ് സീറ്റുകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അപകടങ്ങളുണ്ടായാല്‍ അവയുടെ ആഘാതം ഇത്തരത്തില്‍ ലഘൂകരിക്കാന്‍ വേണ്ട നടപടികളെക്കുറിച്ചും പൊലീസ് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്,

കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തിയ ശേഷം എഞ്ചിന്‍ ഓണാക്കി പുറത്തുപോകുന്നവരുമുണ്ട്. കുട്ടികള്‍ വാഹനങ്ങളുടെ ഭാഗങ്ങളില്‍ തൊടുമെന്നതിനാല്‍ ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കും. മുതിര്‍ന്നവര്‍ ഒപ്പമില്ലാതെ കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തരത്. വീടുകളിലും പുറത്തും കുട്ടികളെ തനിച്ച് വാഹനങ്ങളില്‍ ഇരുത്തിയിരുന്നാല്‍ അവ രക്ഷിതാക്കളുടെ അശ്രദ്ധയായി കണക്കാക്കും. ഇത്തരം പ്രവണതകള്‍ കുട്ടികളുടെ സുരക്ഷയ്‍ക്ക് ഭീഷണിയാണെന്നും മരണത്തിന് വരെ സാധ്യതയുള്ള അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു. 

Read also: ഒപ്പം ജോലി ചെയ്യുന്നയാളിനെ വാട്സ്ആപിലൂടെ അസഭ്യം പറഞ്ഞു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ