Asianet News MalayalamAsianet News Malayalam

സൗദിയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 186 ഇന്ത്യക്കാര്‍ക്ക്; ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കുമെന്ന് അംബാസഡര്‍

ഇന്ത്യക്കാരെ ഉടൻ നാട്ടിൽ അയക്കാനാവില്ല. എന്നാൽ വിമാനങ്ങൾ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ അത്യാവശ്യ സാഹചര്യങ്ങളിലുള്ള ആളുകളെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യും. ഇപ്പോൾ കഴിയുന്നിടത്ത് ഏറ്റവും സുരക്ഷിതമായി കഴിയുക എന്നതാണ് ഇന്ത്യാക്കാർക്ക് കരണീയമായത്. 
186 Indian nationals diagnosed with covid 19 infections in Saudi Arabia says Indian ambassador
Author
Riyadh Saudi Arabia, First Published Apr 15, 2020, 11:30 PM IST
റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ 186 ഇന്ത്യക്കാർക്ക് കോവിഡ് ബാധിച്ചതായും ഇവരില്‍ രണ്ട് പേരാണ് മരിച്ചതെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. സൗദിയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി ഓൺലൈന്‍ വാർത്താസമ്മേളനത്തിലാണ് സൗദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഇന്ത്യാക്കാരെ സംബന്ധിച്ച് ലഭിച്ച ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തിയത്. 
മരണപ്പെട്ടവര്‍ രണ്ടും മലയാളികളാണ്. 

ഒരാൾ മദീനയിലും മറ്റൊരാൾ റിയാദിലുമാണ് മരിച്ചത്. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാനാണ് (41) റിയാദിൽ മരിച്ചത്. കണ്ണൂർ പാനൂർ മേലെപൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്കണ്ടിയിൽ ഷെബ്‍നാസ് (29) മദീനയിലും മരിച്ചു. സൗദിയിലെ ഇന്ത്യൻ ജനസംഖ്യയുമായി താര്യതമ്യം ചെയ്യുമ്പോൾ രോഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എന്നാലും കനത്ത ജാഗ്രതയും കരുതലും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ആരോഗ്യ പ്രശ്നം നേരിടുന്നവരെ ആശുപത്രിയിലെത്തിക്കാൻ എംബസിയുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. രാജ്യത്തെ വിവിധ പോളിക്ലിനിക്കുകളുടെ ആംബുലൻസ് സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും. കോവിഡ് ലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ ഏർപ്പെടുത്തുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. ആവശ്യമുള്ളവർക്ക് ആരോഗ്യ നിർദേശങ്ങളും ഓൺലൈൻ കൺസൾട്ടേഷനും നൽകാൻ ഡോക്ടർമാരുടെ സേവനം ഉപയോഗെപ്പടുത്തും. 

സന്നദ്ധരായ ഡോക്ടർമാരുടെ വാട്സ് ആപ് ഗ്രൂപ്പുകൾ തുടങ്ങും. കോവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ പാർപ്പിക്കാൻ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും. ഓയോ ഹോട്ടൽ ഗ്രൂപ്പിന്റെയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യൻ വ്യവസായികളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ട്. ആവശ്യമുള്ള മുഴുവൻ ഇന്ത്യാക്കാർക്കും ഭക്ഷണം എത്തിച്ച് കൊടുക്കാൻ സൗകര്യമൊരുക്കും. അതിനായി റസ്റ്റോറൻറുകളുടെയും കാറ്ററിങ് കമ്പനികളുടെയും സഹകരണം തേടും. ഈ ആവശ്യങ്ങൾക്കെല്ലാമായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തും. 

സൗദിയിൽ നിന്ന് ഇന്ത്യക്കാരെ ഉടൻ നാട്ടിൽ അയക്കാനാവില്ല. എന്നാൽ വിമാനങ്ങൾ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ അത്യാവശ്യ സാഹചര്യങ്ങളിലുള്ള ആളുകളെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യും. ഇപ്പോൾ കഴിയുന്നിടത്ത് ഏറ്റവും സുരക്ഷിതമായി കഴിയുക എന്നതാണ് ഇന്ത്യാക്കാർക്ക് കരണീയമായത്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. സർവ പിന്തുണയുമായി ഇന്ത്യൻ മിഷൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Follow Us:
Download App:
  • android
  • ios