അജ്‍മാന്‍: സമ്മാനങ്ങള്‍ ലഭിച്ചെന്ന പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്ന 19 പേരുടെ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഒരു മൊബൈല്‍ കമ്പനിയുടെ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.

ഒരു മൊബൈല്‍ കമ്പനി നടത്തിയ നറുക്കെടുപ്പില്‍ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞായിരുന്നു ഇവര്‍ ആളുകളെ വിളിച്ചിരുന്നതെന്ന് അജ്മാന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹമദ് ബിന്‍ യഫൂര്‍ അല്‍ ഗാഫ്‍ലി പറഞ്ഞു. സമ്മാനം നല്‍കുന്നതിന് മുന്നോടിയായി പണം ആവശ്യപ്പെടുകയോ അല്ലെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പണം തട്ടുകയോ ആയിരുന്നു പതിവ്. 

തട്ടിപ്പുകളെക്കുറിച്ച് വിവരം ലഭിച്ചതോടെ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക ദൗത്യ സംഘത്തിന് അജ‍്മാന്‍ പൊലീസ് രൂപം നല്‍കിയിരുന്നു. ഇവരാണ് ഒളിത്താവളം കണ്ടെത്തി തട്ടിപ്പുകാരെ അറസ്റ്റ് ചെയ്ത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയില്‍ കുടുങ്ങി പണമോ അക്കൗണ്ടുകളുടെ രഹസ്യ വിവരങ്ങളോ കൈമാറരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.