റിയാദ്: സൗദിയില്‍ മൂന്നുവര്‍ഷത്തിനിടെ പാര്‍പ്പിട വാടകയില്‍ 14 ശതമാനം കുറഞ്ഞതായി അല്‍റിയാദ് കാപ്പിറ്റലിന്‍റെ റിപ്പോര്‍ട്ട്. 19 ലക്ഷം വിദേശികള്‍ തൊഴില്‍ നഷ്ടമായതോടെ സൗദിയില്‍ നിന്ന് മടങ്ങിയതാണ് വാടക കുറയാന്‍ കാരണമായത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സംഭവാന 5.2 ശതമാനമാണ്. ഭൂരിഭാഗം ലോകരാജ്യങ്ങളിലും ഇത് ഏഴുമുതല്‍ 13 ശതമാനം വരെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 11.5 ശതമാനമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ശരാശരി സംഭാവന. 2009- 2015 കാലയളവില്‍ സൗദിയില്‍ പാര്‍പ്പിട വാടക 58 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ 2011- 2013 കാലയളവില്‍ പാര്‍പ്പിട വാടകയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ പാര്‍പ്പിട വാടക വന്‍ തോതില്‍ വര്‍ധിച്ചു.

5000 കോടി റിയാലാണ് സൗദി എസ്റ്റേറ്റ് വിപണിയുടെ ആകെ ശേഷി. 2000 കോടി റിയാലാണ് സൗദി ഓഹരി വിപണിയുടെ ആകെ ശേഷി. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 19 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2014 മുതല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ 26 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2014 ലാണ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 44,000 കോടി റിയാലിന്‍റെ ഇടപാടാണ് 2014 ല്‍ മാത്രം നടന്നത്. കഴിഞ്ഞ വര്‍ഷം 14,300 കോടി റിയാലിന്‍റെ ഇടപാടുകള്‍ നടന്നു. 

ഈ വര്‍ഷം രണ്ടു ലക്ഷം പാര്‍പ്പിട, വായ്പാ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. റിയല്‍ എസ്റ്റേറ്റ് ഫണ്ടില്‍ വായ്പാ അപേക്ഷകരുടെ വെയ്റ്റിങ് ലിസ്റ്റ് അടുത്ത വര്‍ഷത്തോടെ ഇല്ലാതാകും. ഇപ്പോള്‍ പാര്‍പ്പിട മന്ത്രാലയത്തിന്‍റെ കീഴിലുള്ള 50 പദ്ധതികള്‍ നടപ്പാക്കി വരികയാണ്. 1,22,000 പാര്‍പ്പിട യൂണിറ്റുകളാണ് ഈ പദ്ധതികളില്‍ ആകെയുള്ളത്.