അജ്‍മാന്‍: മൂന്ന് കാറുകള്‍ മോഷ്ടിച്ച 19 വയസുകാരനെ അജ്മാന്‍ പൊലീസ് പിടികൂടി. അല്‍ നുഐമിയില്‍ നിന്നാണ് കാറുകള്‍ മോഷണം പോയത്. കാറുകള്‍ മോഷണം പോയ വിവരം ഉടമകള്‍ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയെന്ന് അജ്മാന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ അഹ്‍മദ് സഈദ് അല്‍ നുഐമി പറഞ്ഞു.

വിശദമായ അന്വേഷണത്തിനൊടുവില്‍ സംശയം 19 വയസുകാരനിലേക്ക് നീണ്ടു. തുടര്‍ന്നാണ് ഷാര്‍ജയിലെ ഇയാളുടെ താമസ സ്ഥലത്തുനിന്ന് പൊലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. മോഷണം പോയ വാഹനങ്ങള്‍ നാല് ദിവസത്തിനകം തന്നെ ഉടമകള്‍ക്ക് കൈമാറാന്‍ സാധിച്ചതായും പൊലീസ് അറിയിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങള്‍ അശ്രദ്ധമായി നിര്‍ത്തിയിട്ട് പോകുന്നത് ഒഴിവാക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.