19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അമ്മാര്‍, ഒരു സുഹൃത്തില്‍ നിന്നാണ് ഇത്തരമൊരു തടാകത്തെ സംബന്ധിച്ച വിവരമറിഞ്ഞത്. ഷാര്‍ജയില്‍ ജീവിക്കുന്ന അദ്ദേഹം, ക്യാമറയും ഡ്രോണുമായി റാസല്‍ഖൈമയിലെത്തുകയായിരുന്നു. 

റാസല്‍ഖൈമ: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി യുഎഇയിലെ പിങ്ക് തടാകത്തിന്റെ ചിത്രങ്ങള്‍. 19കാരനായ അമ്മാര്‍ അല്‍ ഫര്‍സി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ വ്യാജമാണെന്നും ഫോട്ടോഷോപ്പിലൂടെ നിര്‍മിച്ചതാണെന്നും നിരവധിപ്പേര്‍ വാദിച്ചെങ്കിലും ചിത്രം യാഥാര്‍ത്ഥ്യമാണെന്ന സൂചനകളാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്.

19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അമ്മാര്‍, ഒരു സുഹൃത്തില്‍ നിന്നാണ് ഇത്തരമൊരു തടാകത്തെ സംബന്ധിച്ച വിവരമറിഞ്ഞത്. ഷാര്‍ജയില്‍ ജീവിക്കുന്ന അദ്ദേഹം, ക്യാമറയും ഡ്രോണുമായി റാസല്‍ഖൈമയിലെത്തുകയായിരുന്നു. റാസല്‍ഖൈമയുടെ വടക്കല്‍ പ്രദേശത്ത് അല്‍ റംസിലുള്ള സറായ ദ്വീപിലാണ് പിങ്ക് തടാകമുള്ളത്. കടല്‍ തീരത്ത് നിന്ന് 100 മീറ്ററോളം മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അവിസ്‍മരണീയമായ കാഴ്‍ചയായിരുന്നുവെന്നും താന്‍ ക്യാമറയും ഡ്രോണും ഉപയോഗിച്ച് നിരവധി ചിത്രങ്ങളെടുത്തുവെന്നും അമ്മാര്‍ പറഞ്ഞു. സ്വാഭാവികമായി രൂപപ്പെട്ട ജലാശയമായാണ് തനിക്ക് തോന്നിയതെന്നും പിങ്ക് നിറത്തിലുള്ള വെള്ളത്തിനടിയില്‍ ഉപ്പ് പാളികള്‍ കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് അവ വൈറലായത്.

ചിത്രങ്ങള്‍ വ്യാജമാണെന്നും താന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ചിലര്‍ വാദിച്ചു. എന്നാല്‍ ചിത്രങ്ങള്‍ കൃത്രിമമല്ലെന്ന് അമ്മാര്‍ പറയുന്നു. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതില്‍ എന്ത് വസ്‍തുവാണുള്ളതെന്ന് അറിയാത്തതിനാല്‍ അതിന് മുതിര്‍ന്നില്ല. ചിലപ്പോള്‍ വിഷ പദാര്‍ത്ഥങ്ങള്‍ എന്തെങ്കിലും കലര്‍ന്നിരിക്കുമോ എന്നും ഭയപ്പെട്ടു. 

അതേസമയം റെഡ് ആല്‍ഗകളുടെ വ്യാപനമായേക്കാം വെള്ളത്തിന് ഇത്തരം നിറം ലഭിക്കാനുള്ള കാരണമെന്ന് എണ്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്റ് ഡെവലപ്‍മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ ഗൈസ് പറഞ്ഞു. നാലായിരത്തിലധികം ഗണങ്ങളില്‍ പെടുന്ന ജീവികളുടെ കൂട്ടമായാണ് ഇത് രൂപപ്പെടുന്നത്. എന്നാല്‍ തടാകത്തിലെ നിറത്തിന് കാരണമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ല. അതിന് സാമ്പിള്‍ ശേഖരിച്ച് ശാസ്‍ത്രീയമായ പഠനം നടത്തി കാരണം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.