മനാമ: രാജ്യത്തുള്ള 1909 വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ കൊവിഡ് 19 വൈറസ് ബാധിച്ചതായി ബഹ്‌റൈന്‍. നിലവില്‍ 1556 പേരാണ് ചികിത്സയിലുളളതെന്നും 1246 രോഗമുക്തരായെന്നും അധികൃതര്‍ അറിയിച്ചു. ഫ്‌ളക്‌സി വിസയിലുളള വിദേശ തൊഴിലാളികളാണ് കൊവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും എന്ന പ്രചാരണം ശരിയല്ലെന്ന് ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി സിഇഒ ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു.

ഇതുവരെ 1909 വിദേശ തൊഴിലാളികള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുളളതെന്നും ഇതില്‍ 1823 പേരും തൊഴില്‍ വിസയില്‍ ജോലി ചെയ്യുന്നവരാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫ്‌ളക്‌സി വിസയിലുളളവര്‍ 32 പേര്‍ മാത്രമാണ്. സന്ദര്‍ശക വീസയിലത്തിയ 30 പേര്‍, ഗാര്‍ഹിക തൊഴിലാളികളായ എട്ട് പേര്‍ , ആശ്രിത വിസയിലുളള 18 പേര്‍ എന്നിങ്ങനെയാണ് മറ്റ് വിദേശ തൊഴിലാളികളുടെ കണക്ക്.

വിസയില്ലാതെ കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് അവരുടെ നില നിയമപരമാക്കാന്‍ എല്‍എംആര്‍എ നല്‍കിയ അവസരം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നില ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് പിഴ ഇടാക്കുകയില്ല. സ്‌പോണ്‍സറില്ലാത്തവര്‍ 33150150 എന്ന നമ്പറിലേക്ക്  സിപിആര്‍ നമ്പര്‍ മെസേജ് ചെയ്താല്‍ ഫ്‌ളക്‌സി പെര്‍മിറ്റ് ലഭിക്കും. 

കൊവിഡ് ബാധിച്ച വിദേശതൊഴിലാളികളുടെ വിവരം അപ്പപ്പോള്‍ അതാത് എംബസികളെ അറിയിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ റന ബിന്‍ത് ഈസാ അറിയിച്ചു. ആവശ്യമായ വിവരങ്ങള്‍ നല്‍കി എംബസികളും കൊവിഡ് പ്രതിരോധ പിന്തുണക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. വിദേശത്തുളള 6422 ബഹ്‌റൈനികളില്‍ 3878 പേരെയും രാജ്യത്തേക്ക് തിരിച്ചു കൊണ്ടു വന്നു. ബാക്കിയുളളവരോട് എംബസികളില്‍ രജിസ്റ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് പകുതിയോടെ എല്ലാവരെയും തിരിച്ച് കൊണ്ടു വരാനാകും. എട്ടാമത്തെ ആഴ്ചയിലും കൊവിഡ് കേസുകള്‍ സൂചിപ്പിക്കുന്ന ഗ്രാഫ് ഉയരാതെ നിലനിര്‍ത്താനായത് ബഹ്‌റൈന്റെ വിജയമാണെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം മനാഫ് അല്‍ ഖഹ്താനി പറഞ്ഞു. കൂടുതല്‍ ടെസ്റ്റ് നടത്തിയതു കൊണ്ടാണ് കൊവിഡിനെ ഫലവത്തായി പ്രതിരോധിക്കാനായത്. തുടക്കത്തിലെ ടെസ്റ്റ് നടത്തുന്നതിനാല്‍ രോഗ ലക്ഷണങ്ങളില്ലാത്തവരെയും ക്വാറന്‍റൈനിലാക്കാനും രോഗവ്യാപനം തടയാനും സഹായിച്ചതായി ഡോ. ജമീല അല്‍ സല്‍മാന്‍ വിശദീകരിച്ചു.

ഇതുവരെ ഒന്നേകാല്‍ ലക്ഷം ടെസ്റ്റ് ചെയ്തതില്‍ രണ്ട് ശതമാനത്തിന് മാത്രമാണ് രോഗമുണ്ടായിട്ടുളളൂ എന്നത് പ്രതിരോധ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ വലീദ് അല്‍ മന അവകാശപ്പെട്ടു. രാജ്യങ്ങളിലെ സംവിധാനവും മനുഷ്യമൂല്യങ്ങളും പരീക്ഷിക്കപ്പെടുകയാണ്.

കുറഞ്ഞ നഷ്ടത്തിലൂടെ ഈ പരീക്ഷണം മറി കടക്കാന്‍ ബഹ്‌റൈന് കഴിയുന്നുണ്ടെന്ന് ഡോ. മനാഫ് പറഞ്ഞു. ചികിത്സ, ഭക്ഷണ വിതരണം, സുരക്ഷാ നടപടികള്‍ എന്നിവ ഉറപ്പാക്കുന്നതിലെ വിജയമാണ് കൊവിഡ് പ്രതിരോധത്തിന്റെ അളവുകോല്‍. ഇത് മൂന്നും ഉറപ്പാക്കാനായി എന്നത് ബഹ്‌റൈന്റെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.