അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 197ആയി. ഇന്ന് രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല കല്ലുങ്കല്‍ പുത്തന്‍ പറമ്പില്‍ കുര്യന്‍ പി വര്‍ഗീസ് ദുബായിയില്‍ മരിച്ചു. 62 വയസായിരുന്നു കോഴിക്കോട് കുട്ട്യാടി  സ്വദേശി മൊയ്തു മാലിക്കണ്ടി ദോഹയിലാണ് മരിച്ചത്. 68 വയസായിരുന്നു.

കഴിഞ്ഞ ദിവസം മൂന്ന് പ്രവാസി മലയാളികള്‍ മരിച്ചത് കൊവിഡ് മൂലമാണെന്ന്  ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 197 ആയി. ഇതില്‍ 97 മരണങ്ങള്‍ സംഭവിച്ചത് കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെയാണ്. യുഎഇയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്. 91 മലയാളികളാണ് യുഎഇയില്‍ മരിച്ചത്.  

സൗദി അറേബ്യയില്‍ 56 മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു. കുവൈറ്റില്‍ 38 മലയാളികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിലും ഒമാനിലും അഞ്ച് വീതം മലയാളികള്‍ മരിച്ചു. ബഹ്റൈനില്‍ രണ്ടു മലയാളികളാണ് ഇതുവരെ  കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മുഴുവന്‍ സ്വദേശികളെയും വിദേശികളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ്  യുഎഇ.