ദില്ലി: ഇന്തോ അമേരിക്കന്‍ വംശജരായ അച്ഛനും മകളും അമേരിക്കയിലെ ന്യൂജേഴ്സിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡോക്ടര്‍മാരാണ് മരിച്ച 78കാരനായ സത്യേന്ദര്‍ ദേവ് ഖന്നയും 43കാരിയായ മകള്‍ പ്രിയ ഖന്നയും. ഇരുവരുടെയും മരണത്തില്‍ ന്യൂ ജഴ്സി ഗവര്‍ണര്‍ ഫില്‍ മൂര്‍ഫി അനുശോചിച്ചു. ദശകങ്ങളായി ന്യൂ ജഴ്സിയിലെ വിവിധ ആശുപത്രികളിലായി സര്‍ജനായും ഡിപ്പാര്‍ട്ട്മെന്‍റ് തലവനായും ജോലി സേവനമനുഷ്ടിക്കുകയായിരുന്നു അദ്ദേഹം. നെഫ്രോളജിയിലും ഇന്‍റേണല്‍ മെഡിസിനിലും വിദഗ്ധയായിരുന്നു മകള്‍ പ്രിയ ഖന്ന. 

''മറ്റുള്ളവരെ സഹായിക്കാന്‍ തങ്ങളുടെ ജീവിതം മാറ്റിവച്ചവരായിരുന്നു സത്യേന്ദ്ര ഖന്നയും മകള്‍ പ്രിയ ഖന്നയും. അവരുടെ മരണത്തില്‍ അനുശോചിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല'' - ന്യൂ ജഴ്സി ഗവര്‍ണര്‍ ഫില്‍ മൂര്‍ഫി പറഞ്ഞു. 

കഴിഞ്ഞ 35 വര്‍ഷമായി അദ്ദേഹം ജോലി ചെയ്യുന്ന  ക്ലാര മാസ്സ് മെഡിക്കല്‍ സെന്‍ററില്‍ വച്ചാണ് സത്യേന്ദ്ര ദേവ് ഖന്ന മരിച്ചത്. ന്യൂജേഴ്സില്‍ ആദ്യമായി ലാപ്രോസ്കോപ്പിക് സര്‍ജറി നടത്തിയവരില്‍ ഒരാളായിരുന്നു സത്യേന്ദ്ര ദേവ് ഖന്ന. ക്ലാര മാസ്സില്‍ വച്ച് തന്നെയാണ് മകള്‍ പ്രിയ ഖന്നയും മരിച്ചത്. ഇവരും ഇവിടെതന്നെയാണ് ജോലി ചെയ്തിരുന്നത്. 

സത്യേന്ദ്ര ദേവ് ഖന്നയുടെ ഭാര്യ കോമ്ലിഷ് ഖന്ന ശിശുരോഗ വിദഗ്ധയാണ്. ഇരുവര്‍ക്കും രണ്ട് മക്കള്‍ കൂടിയുണ്ട്, സുഗന്ധ ഖന്നയും അനിഷ ഖന്നയും. സുഗന്ധ എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യനും അനിഷ ശിശുരോഗ വിദഗ്ധയുമാണ്.