ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു

റിയാദ്: ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. മുൻവർഷങ്ങളിൽ കൊറോണ സാഹചര്യത്തെ തുടർന്ന് തീർത്ഥാടകരുടെ തീർത്തും വെട്ടിക്കുറച്ചിരുന്നു . അതിന് പിന്നാലെ കഴിഞ്ഞ വർഷം 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷം പേരും സൗദി അറേബ്യക്ക് അകത്തു നിന്നുള്ള രണ്ടു ലക്ഷത്തോളം പേരുമാണ് ഹജ്ജ് നിർവഹിക്കുക. കൊറോണ മഹാമാരിക്കു മുമ്പുണ്ടായിരുന്നതു പോലെ പൂർണ ശേഷിയിൽ ഇത്തവണ ഹജ്ജ് തീർഥാടകരെ സ്വീകരിക്കും. 

ഈ വർഷത്തെ ഹജ്ജിന് ഇമ്മ്യൂണൈസേഷൻ, പ്രായ വ്യവസ്ഥകൾ ബാധകമല്ല. ഇത്തവണത്തെ ഹജ്ജിന് കൂടുതൽ മെച്ചപ്പെട്ട ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ലഭിക്കും. ഹജ്ജ് തീർത്ഥാടകർക്ക് ലഭ്യമായ ഓപ്ഷനുകൾ വിപുലമാക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് അംഗീകരിച്ചതു പ്രകാരം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഹജ്ജ് ക്വാട്ട നിർണയിക്കുന്നതെന്നും ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു.

Read more: സൗദിക്ക് പോകുന്നവർക്ക് സന്തോഷവാർത്ത! പ്രഫഷനൽ വിസാ സ്റ്റാമ്പിംഗിൽ ആശ്വാസനടപടി; മാസങ്ങളുടെ കാത്തിരിപ്പ് ഇനിവേണ്ട

അതേസമയം, സൗദി നയതന്ത്രകാര്യ സുരക്ഷക്കും ഹജ്ജ് ഉംറ സുരക്ഷക്കും വേണ്ടിയുള്ള പ്രത്യേക സേനയിലേക്ക് 255 വനിതാ കേഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കി. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്‍റെ രക്ഷാകർതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ - ബസ്സാമി കഴിഞ്ഞ ദിവസം സേനയിലെ വനിതാ കേഡറ്റുകൾക്ക് ബിരുദദാനം നിർവഹിച്ചു. ഡിപ്ലോമാറ്റിക് സെക്യൂരിറ്റിക്കും ഹജ്ജ്, ഉംറ സെക്യൂരിറ്റിക്കും വേണ്ടിയുള്ള സായുധ സേനയുടെ വിമൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ നാലാം ബാച്ചാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയത്.