റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവ് നാലു നഗരങ്ങളിലെ 20 പ്രദേശങ്ങള്‍ക്ക് ബാധകമല്ല. മക്ക നഗരത്തില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. 

മക്കയിലെ നകാസ, ഹുശ് ബകര്‍, അല്‍ഹുജൂന്‍, അല്‍മസാഫി, അല്‍മിസ്ഫല, അജയാദ്, ജിദ്ദയിലെ കിലോ 14 സൗത്ത്, കിലോ 14 നോര്‍ത്ത്, മഹ്ജര്‍, ഗുലൈല്‍, അല്‍ഖര്‍യാത്ത്, കിലോ 13 പട്രോമിന്‍, മദീനയിലെ അല്‍ശുറൈബാത്ത്, ബനീ ദഫര്‍, അല്‍ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖുദ്‌റ, ദമാമിലെ ഹയ്യുല്‍ അതീര്‍, ജിസാനിലെ സാംത്ത, അല്‍ദായര്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരും. ബാക്കിയുള്ള പ്രദേശങ്ങളില്‍ പകല്‍ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് കര്‍ഫ്യൂവില്‍ ഇളവ്.

അതേസമയം കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ച മെട്രോ സര്‍വ്വീസ് ഞായറാഴ്ച മുതല്‍ പുനരാംരംഭിക്കും. ബസ് സര്‍വ്വീസുകളും ടാക്‌സികളും ഞായറാഴ്ച മുതല്‍ നിരത്തിലിറങ്ങും. ട്രാമുകളും ഇന്ന് മുതല്‍ ഓടിത്തുടങ്ങും.