കുവൈത്ത് സിറ്റി: വിദ്യാഭ്യാസ യോഗ്യതയും ജോലിയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20,000 പേരുടെ ഇഖാമ റദ്ദാക്കിയതായി കുവൈത്ത് സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചല്ലാത്ത ജോലികള്‍ ചെയ്തിരുന്നവരുടെ ഇഖാമയാണ് ഇങ്ങനെ റദ്ദാക്കിയത്. പ്രവാസികളുടെ ഇഖാമ വിവരങ്ങളും ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള രേഖകളും പരിശോധിക്കാന്‍ വിവിധ ഏജന്‍സികളെ ബന്ധിപ്പിച്ച് പ്രത്യേക സംവിധാനം കൊണ്ടുവന്നതിന് ശേഷമാണ് ഇത്രയധികം പേര്‍ പിടിക്കപ്പെട്ടത്.

വിദ്യാഭ്യാസ-ശാസ്ത്രീയ യോഗ്യതകള്‍ക്ക് അനുസരിച്ചായിരിക്കണം പ്രവാസികള്‍ ചെയ്യുന്ന ജോലികളെന്നാണ് കുവൈത്തിന്റെ നയം. എന്നാല്‍ പല തസ്തികകളിലും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പ്രവാസികള്‍ ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തി. ലേബര്‍ വിസയില്‍ രാജ്യത്ത് എത്തിയശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറുന്നവരുണ്ട്. ഇവര്‍ പലപ്പോഴും യോഗ്യതയ്ക്ക് അനുസൃതമല്ലാത്ത ജോലികളിലേക്കാണ് മാറുന്നത്. ഇത്തരക്കാരെ കണ്ടെത്താനാണ് വിവിധ ഏജന്‍സികളെ ബന്ധിപ്പിച്ച് സംവിധാനമുണ്ടാക്കിയത്. വര്‍ക്ക് പെര്‍മിറ്റിലെ യോഗ്യതയും വിദ്യാഭ്യാസ യോഗ്യതയും പരിശോധിച്ച് ഇഖാമ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് 20,000 പേരുടെ ഇഖാമ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.