Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് സൗദിയിൽ നിന്ന് നാടണഞ്ഞത് 2,32,556 ഇന്ത്യക്കാർ

സൗദിയിലെ പൊതുമാപ്പ് കാലത്ത് പോലും കേവലം 75,000 ഇന്ത്യക്കാരെ മാത്രമേ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നുള്ളൂ എന്നത് വെച്ച് നോക്കുമ്പോൾ ഇത് വലിയ നേട്ടമായി അംബാസഡർ എടുത്തുപറഞ്ഞു. 

232556 indian citizen repatriated from saudi arabia during this covid season
Author
Riyadh Saudi Arabia, First Published Nov 8, 2020, 10:39 AM IST

റിയാദ്: കൊവിഡ് കാലത്ത് സൗദിയിൽ കുടുങ്ങിയ 2,32,556 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. 1,295 വിമാനസർവിസുകളിലൂടെയാണ് ഇത് സാധിച്ചതെന്ന് ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിൽ 1,011 ചാർട്ടേഡ് വിമാനങ്ങളും 276 എണ്ണം വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള സർവീസുകളുമായിരുന്നു. 

സൗദിയിലെ പൊതുമാപ്പ് കാലത്ത് പോലും കേവലം 75,000 ഇന്ത്യക്കാരെ മാത്രമേ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നുള്ളൂ എന്നത് വെച്ച് നോക്കുമ്പോൾ ഇത് വലിയ നേട്ടമായി അംബാസഡർ എടുത്തുപറഞ്ഞു. സൗദിയിലെ വിവിധ ജയിലുകളിൽ നിന്ന് ശിക്ഷാകാലാവധി പൂർത്തിയാക്കി മോചിതരായ 2,200 പേരെയും നാട്ടിലെത്തിച്ചു. സൗദി സൈനികകാര്യ വകുപ്പിന്റെ സഹകരണത്തോടെ മുഴുവൻ ആരോഗ്യ മുൻകരുതലുകളും പൂർത്തിയാക്കിയാണ് ഇത്രയും പേരെ ഇന്ത്യയിലെത്തിച്ചത്. ഈ ഗണത്തിൽ കുറച്ചുപേർ കൂടി ബാക്കിയുണ്ട്. അടുത്ത ദിവസങ്ങളിലായി അവരും നാടണയും. 

കൊവിഡ് മഹാമാരിക്കാലത്ത് സൗദിയിൽ 2,158 ഇന്ത്യക്കാർ മരണപ്പെട്ടു. ഇവരിൽ 850 പേർ കൊവിഡ് ബാധിച്ചാണ് മരിച്ചത്. വിവിധ കാരണങ്ങളാൽ തൊഴിലുടമയിൽ നിന്നും ഫൈനൽ എക്സിറ്റ് വിസ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന 3,337 പേർക്ക് എംബസി, കോൺസുലേറ്റ് ഇടപെടലിലൂടെ അവ ലഭ്യമാക്കികൊടുക്കാൻ സാധിച്ചു. 

Follow Us:
Download App:
  • android
  • ios