ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടയ്ക്കുവാൻ പണമില്ലാതെ ജയില്‍വാസം അനുഭവിക്കുന്നവര്‍ക്കാണ് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഈ സംരംഭത്തിലൂടെ മോചനം സാധ്യമാക്കുന്നത്

മസ്ക്കറ്റ്: സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപെട്ടു ഒമാനിലെ ജയിൽ കഴിഞ്ഞിരുന്ന 24 പേർക്ക് മോചനം. ഒമാൻ ലോയേഴ്സ് അസോസിയേഷൻ നടത്തി വരുന്ന "ഫാക് കുർബാഹ്‌" എന്ന സംരംഭത്തിലൂടെയാണ് സ്വദേശികൾക്കൊപ്പം വിദേശികൾക്കും ജയില്‍ മോചനം സാധ്യമായത്.

ഫാക് കുറുബ പദ്ധതിയുടെ ഭാഗമായി ഒമാനിലെ ദാഹിറ ഗവര്‍ണറേറ്റില്‍ തടവില്‍ കഴിയുന്ന 24 പേര്‍ക്ക് ആണ് കഴിഞ്ഞ ദിവസം ജയിൽ മോചനം ലഭിച്ചത്. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടയ്ക്കുവാൻ പണമില്ലാതെ ജയില്‍വാസം അനുഭവിക്കുന്നവര്‍ക്കാണ് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഈ സംരംഭത്തിലൂടെ മോചനം സാധ്യമാക്കുന്നത്.

2012ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട ആയിരത്തിലധികം പേരോളം ഇതിനകം ജയിൽ മോചിതരായി കഴിഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് ഇത്തവണയും മോചനത്തിനുള്ള വഴി കണ്ടെത്തിയത്. 24 പേരെ കൂടി മോചിതരാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ ഇബ്‌റാഹിം അല്‍ സദ്ജലി പറഞ്ഞു.

അറസ്റ്റ് വാറണ്ട് ലഭിച്ചു , ശിക്ഷയിലുള്ളവര്‍ക്കും രണ്ടാമത് ഒരു അവസരത്തിന് അര്‍ഹതയുണ്ടെന്ന നിലപാട് അനുസരിച്ചാണ് "ഫാക് കുര്‍ബ എന്ന സംരംഭം ആരംഭിച്ചത്. ഏഴാം വര്‍ഷത്തിലേക്ക് കടന്ന ഫാക് കുറുബ പദ്ധതിക്ക്, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വലിയതോതില്‍ സഹായം നൽകി വരുന്നുണ്ട്.